മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ തോമസാണ് ടൈറ്റില്‍ റോളിലെത്തിയത്.
അതുവരെ കണ്ടുശീലിച്ച സൂപ്പര്‍ഹീറോ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു മിന്നല്‍ മുരളിയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചത്. കുറുക്കന്‍മൂല എന്ന ഗ്രാമത്തിന്റെ രക്ഷകനായ മിന്നല്‍ മുരളിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.
സിനിമയില്‍ ടൊവിനോക്ക് പുറമെ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ഷെല്ലി കിഷോര്‍, ബൈജു സന്തോഷ് ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളായിരുന്നു ഒന്നിച്ചത്. ഇപ്പോള്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്.
അദ്ദേഹം സിബി പോത്തന്‍ എന്ന പൊലീസുകാരനായിട്ടാണ് ഈ സിനിമയില്‍ എത്തിയത്. മിന്നല്‍ മുരളി ചെയ്യുന്ന സമയത്ത് താന്‍ നടന്‍ ജഗദീഷിന്റെ സിനിമകളിലെ ചില കാര്യങ്ങള്‍ കോപ്പിയടിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
സംവിധായകനായ ബേസില്‍ ജോസഫുമായി ഡിസ്‌ക്കസ് ചെയ്ത ശേഷമായിരുന്നു അത് ചെയ്തതെന്നും അജു പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഹ്യൂമറല്ലാത്ത പൊലീസ് വേഷങ്ങള്‍ ചെയ്യുന്നത് തനിക്ക് അത്ര എളുപ്പമല്ലെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
‘മിന്നല്‍ മുരളി ചെയ്യുന്ന സമയത്ത് ഞാന്‍ ജഗദീഷേട്ടന്റെ അടുത്ത് നിന്ന് ചില കാര്യങ്ങള്‍ കോപ്പിയടിച്ചിരുന്നു. ബേസിലുമായിട്ട് ഡിസ്‌ക്കസ് ചെയ്തിട്ടാണ് അങ്ങനെ ചെയ്തത്. കൈ ഒടിഞ്ഞ് വീഴുന്ന സീനും മറ്റുമൊക്കെ അങ്ങനെ തന്നെയായിരുന്നു ചെയ്തിരുന്നത്.
വേറെയൊന്നും കൊണ്ടല്ല, നമ്മള്‍ അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകരായത് കൊണ്ടാണ്. ഇന്നസെന്റ് ചേട്ടന്റെയും ജഗദീഷേട്ടന്റെയുമൊക്കെ ഫാന്‍സാണ് നമ്മള്‍. അതുകൊണ്ട് എവിടെയെങ്കിലുമൊക്കെ നമുക്ക് അവരെ റീകോള്‍ ചെയ്യണമെന്ന് തോന്നും. ഹ്യൂമറല്ലാത്ത പൊലീസ് വേഷങ്ങള്‍ ചെയ്യുന്നത് എനിക്ക് അത്ര എളുപ്പമല്ല,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Minnal Murali And Jagadish