ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയായിരുന്നു ഈ ചിത്രത്തില്‍ ഒന്നിച്ചത്. എന്നാല്‍ സിനിമ ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. പ്രണവിന്റെ മേക്കോവറായിരുന്നു കൂടുതലും ട്രോള്‍ ചെയ്യപ്പെട്ടത്.
താന്‍ സാധാരണ മേക്കപ്പൊക്കെ ശ്രദ്ധിക്കുന്ന ആളാണെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. മമ്മൂട്ടി അദ്ദേഹത്തിന്റെ മേക്കോവറിലും മറ്റും ശ്രദ്ധ കൊടുത്തത് എങ്ങനെയാണെന്ന് അറിയാന്‍ താന്‍ ശ്രമിച്ചിരുന്നെന്നും അജു പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കഥാപാത്രത്തിന്റെ മേക്കോവറില്‍ തൃപ്തനായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അജു വര്‍ഗീസ്.
‘ആ സിനിമയിലെ എന്റെ മേക്കോവറില്‍ ഞാന്‍ തൃപ്തനായിരുന്നു. സത്യത്തില്‍ പ്രണവിന്റെ മേക്കോവറിലും ഞാന്‍ തൃപ്തനാണ്. ഞാന്‍ സാധാരണ മേക്കപ്പൊക്കെ ശ്രദ്ധിക്കുന്ന ആള് തന്നെയാണ്. നമ്മുടെ ലെജന്ററിയായ കലാകാരന്മാര്‍ എങ്ങനെയാണ് അവരുടെ മേക്കോവറിലും മറ്റും ശ്രദ്ധ കൊടുത്തതെന്ന് അവരില്‍ നിന്ന് അറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
മമ്മൂക്കയുടെ കുറേ ഇന്റര്‍വ്യൂസ് കണ്ടു. അദ്ദേഹത്തിന് നേരിട്ട് ഞാന്‍ ഒന്നുരണ്ട് പ്രാവശ്യം മെസേജ് അയച്ചിരുന്നു. പക്ഷെ അതില്‍ കൂടുതല്‍ ഫ്രീഡം ഞാന്‍ എടുത്തിട്ടില്ല. എങ്ങനെയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പോയി ചോദിക്കുന്നത് മോശമല്ലേ. എന്നാലും ഞാന്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂസൊക്കെ കണ്ട് മനസിലാക്കിയിരുന്നു.
എല്ലാത്തിലും ശ്രദ്ധ കൊടുക്കുന്ന ആള് തന്നെയാണ് ഞാന്‍. എനിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ ആ മേക്കോവര്‍ ഓക്കെയായിരുന്നു. എന്റെ ഗെറ്റപ്പില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. റോണക്‌സുമായി ഞാനത് സംസാരിച്ചിരുന്നു. കെ.ജി. ജോര്‍ജ് സാറിന്റെ ഫ്രഞ്ച് ബിയേര്‍ഡ് ആയിരുന്നു റോണക്‌സ് റെഫറന്‍സാക്കി വെച്ചിരുന്നത്. മുടിയിലൊക്കെ മാറ്റം വരുത്താമെന്ന് ഞാന്‍ പറഞ്ഞു.
അതല്ലാതെ അതുപോലെ ചെയ്താല്‍ ഇമിറ്റേഷന്‍ വരുമല്ലോ. വേണമെങ്കില്‍ ഇന്‍ഫ്‌ളുവന്‍സ്ഡാകാം, അതില്‍ തെറ്റില്ല. രണ്ടാമത് വന്ന ആ ഗെറ്റപ്പില്‍ വിനീത് എനിക്ക് ഫ്രീഡം തന്നിരുന്നു. ഒരുപക്ഷെ എന്നെ വിശ്വസിക്കുന്നത് കൊണ്ടാകണം. സത്യത്തില്‍ ആ സിനിമയിലെ എല്ലാവരുടെയും ഗെറ്റപ്പില്‍ ഞാന്‍ ഹാപ്പിയായിരുന്നു. പക്ഷെ പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നികാണില്ല,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Mammootty And Varshangalkku Shesham Movie