രാജീവ് മേനോന്‍ സഹരചന നിര്‍വഹിച്ച് സംവിധാനം ചെയ്ത തമിഴ് ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്, അബ്ബാസ് തുടങ്ങി മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മിക്കവര്‍ക്കും പ്രിയപ്പെട്ട ചിത്രം കൂടെയാണ് ഇത്.
ഈയിടെ നടന്‍ അജു വര്‍ഗീസ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ മമ്മൂട്ടിയും ഐശ്വര്യ റായും ഒരുമിച്ചുള്ള ഒരു ഇമോഷണല്‍ സീന്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറല്‍ ആയിരുന്നു. സിനിമയില്‍ 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതില്‍ അജുവിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അരുണ്‍ ചന്തു പങ്കുവച്ച വീഡിയോ ആയിരുന്നു അത്.
വീഡിയോ വൈറലായതോടെ അജുവിന് നിരവധി ട്രോളുകള്‍ ലഭിച്ചിരുന്നു. ഈ വീഡിയോ എടുക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകനായ ഹൈദര്‍ അലി തനിക്ക് ആ വീഡിയോ കണ്ടപ്പോള്‍ മമ്മൂട്ടിയെ കളിയാക്കിയത് പോലെ തോന്നിയെന്നും അദ്ദേഹത്തിനെ കളിയാക്കാന്‍ മാത്രം അജു വളര്‍ന്നോയെന്നും ചോദിക്കുകയായിരുന്നു.
‘കുത്തിതിരിപ്പ് വന്നില്ലല്ലോയെന്ന് ഞാന്‍ ഇത്രയും നേരം വിചാരിച്ചിരുന്നു. ആ വീഡിയോ എടുക്കാന്‍ ഉണ്ടായ സാഹചര്യം ഞാന്‍ പറയാം. ഞാനും ചന്തുവും ഭഗതും ചേര്‍ന്ന് ഒരിക്കല്‍ സിനിമകളുടെ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു അത്. ഭഗതിന്റെ സിനിമയുടെ ഭാഗമായിട്ടായിരുന്നു ആ ചര്‍ച്ച.
എനിക്ക് സിനിമയില്‍ ഏറ്റവും ഫേവറീറ്റ് ആയ ഒരു സീനായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ ആ സീന്‍. മമ്മൂക്കയുടെ വളരെ റൊമാന്റിക്കായ പെര്‍ഫോമന്‍സായിരുന്നു അത്. അത്രയും ഫീല് ചെയ്യുന്ന പെര്‍ഫോമന്‍സാണ്.
അന്ന് ഞങ്ങള്‍ക്കിടയില്‍ ചെറിയ തര്‍ക്കം വന്നു. ആ സീന്‍ നിനക്ക് ചെയ്യാനാകുമോയെന്ന ചാലഞ്ച് വന്നു. അപ്പോള്‍ സ്വാഭാവികമായും നമ്മള്‍ ശ്രമിച്ചു നോക്കുമല്ലോ. ആ ശ്രമമായിരുന്നു അത്. അല്ലാതെ ഞാന്‍ മമ്മൂക്കയെ കളിയാക്കിയതല്ലായിരുന്നു.
ഞാന്‍ മനസ് കൊണ്ട് എനിക്ക് അതിന് പറ്റുമെന്ന് കരുതി. പക്ഷെ അതിന്റെ അവസാനം വളരെ ദുരന്തമായിരുന്നു. തോറ്റുപോയി, ഞാന്‍ അത് സമ്മതിക്കുന്നു. തോല്‍വിയില്‍ എനിക്ക് കുഴപ്പമില്ല. ഞാന്‍ അത് സമ്മതിക്കും. പക്ഷെ ചന്തു ആ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷെ ഭാഗ്യത്തിന് നിങ്ങള്‍ക്ക് ഒഴികെ ബാക്കി എല്ലാവര്‍ക്കും അത് മര്യാദക്കാണ് തോന്നിയത്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Mammootty And Kandukondain Kandukondain Movie Scene