അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട സിനിമയും കഥാപാത്രവും അതാണ്; ഞങ്ങളുടെ സൗഹൃദത്തിന്റെ കെമിസ്ട്രി ഗുണം ചെയ്ത ചിത്രം: അജു വര്‍ഗീസ്
Entertainment
അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട സിനിമയും കഥാപാത്രവും അതാണ്; ഞങ്ങളുടെ സൗഹൃദത്തിന്റെ കെമിസ്ട്രി ഗുണം ചെയ്ത ചിത്രം: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th December 2024, 11:53 am

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ കുട്ടു എന്ന ബിജീഷായാണ് അജു വേഷമിട്ടത്. തുടക്ക കാലത്തെ കോമഡി കഥാപാത്രങ്ങളിലൂടെ അജു വര്‍ഗീസ് പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോള് സിനിമയുടെ വ്യത്യസ്ത തലങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യുകയാണ് താരം.

അന്നും ഇന്നും എന്നും തനിക്ക് പ്രിയപ്പെട്ട സിനിമ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബും കഥാപാത്രം മലര്‍വാടിയിലെ ബിജീഷും ആണെന്ന് അജു വര്‍ഗീസ് പറയുന്നു. വിനീത് ശ്രീനിവാസന്‍ തനിക്ക് വളരെ പ്രധാനപ്പെട്ട ആളാണെന്നും മലര്‍വാടിയുടെ സെറ്റില്‍ വിനീത് എന്ന സംവിധായകനെക്കാളുപരി വിനീത് എന്ന സുഹൃത്തിനെയാണ് കണ്ടതെന്നും അജു പറഞ്ഞു.

വിനീത് ശ്രീനിവാസാന്റെ കൂടെ ചെയ്തിട്ടുള്ള തട്ടത്തിന്‍ മറയത്ത് എന്ന ചിത്രമടക്കം തങ്ങളുടെ സൗഹൃദത്തിന്റെ കെമിസ്ട്രി നന്നായി ഗുണം ചെയ്തവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘വിനീത് ശ്രീനിവാസനും മലര്‍വാടി ആര്‍ട്സ് ക്ലബ്ബും എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവയാണ്. അന്നും ഇന്നും എന്നും എന്റെ ഫേവറിറ്റ് സിനിമയും കഥാപാത്രവും മലര്‍വാടിയും ബജീഷുമാണ്. വിനീത് എന്ന സുഹൃത്തിനെയാണ് മലര്‍വാടിയുടെ സെറ്റില്‍ ഞാന്‍ കണ്ടത്. അവന്‍ സംവിധായകനാണെന്ന ബോധമൊന്നുമില്ലാതെയാണ് ഞാന്‍ എന്തൊക്കെയോ അവനോട് ചോദിച്ചതും അഭിനയിച്ചതുമെല്ലാം.

വിനീതിനൊപ്പം ചെയ്ത തട്ടത്തിന്‍ മറയത്ത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെല്ലാം ഞങ്ങളുടെ നിറഞ്ഞ സൗഹൃദത്തിന്റെ കെമിസ്ട്രി നന്നായി ഗുണം ചെയ്തിട്ടുണ്ട്. കുടുംബമെല്ലാം എന്നെ അഡ്ജസ്റ്റ് ചെയ്ത് നന്നായിപ്പോകുന്നതും വലിയ ഭാഗ്യമാണ്. ഭാര്യ അഗസ്റ്റീനയും മക്കളായ ഇവാനും ജുവാനയും ജെയ്ക്കും ലൂക്കും കട്ട സപ്പോര്‍ട്ടല്ലേ നല്‍കുന്നത്. കുടുംബവും സിനിമയുമെല്ലാം സന്തോഷം പകരുന്ന നല്ലൊരു വര്‍ഷം തന്നെയാണ് ഇപ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നത്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese Talks About Malarvaadi Arts Club Movie