|

അവരെ പോലെ സിനിമയില്‍ സിഗ്നേച്ചർ ഹോള്‍ഡ് ചെയ്ത ആളാണ് നിവിന്‍; ആ ചിത്രം കണ്ട് മനസറിഞ്ഞു ചിരിച്ചു: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് എത്തി ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് നിവിന്‍ പോളി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലും താരം തന്നെയായിരുന്നു നായകനായി എത്തിയത്.

നയന്‍താര, നിവിന്‍ പോളി എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തിയ ഈ ചിത്രം നിര്‍മിച്ചത് അജു വര്‍ഗീസും, വൈശാഖ് സുബ്രമണ്യവും, എം. സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നായിരുന്നു. സമ്മിശ്ര പ്രതികരണം ലഭിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 30 കോടിയോളമായിരുന്നു നേടിയത്.

ലവ് ആക്ഷന്‍ ഡ്രാമ കാണുമ്പോള്‍ നിവിന്‍ പോളിയുടെ സീനുകള്‍ കണ്ട് താന്‍ മനസറിഞ്ഞ് ഒരുപാട് ചിരിച്ചുവെന്ന് പറയുകയാണ് അജു വര്‍ഗീസ്.

അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒപ്പം മലയാള സിനിമയിലെ സീനിയേഴ്സിനെ പോലെ സിക്നേച്ചര്‍ ഹോള്‍ഡ് ചെയ്ത ആളാണ് നിവിനെന്നും അജു പറഞ്ഞു.

‘ലവ് ആക്ഷന്‍ ഡ്രാമയില്‍ ‘ഇങ്ങട് വന്നേ നീ’ എന്നുള്ള ഡയലോഗും മറ്റും നിവിനിന്റേതായി ഉണ്ടായിരുന്നു. പേര് എടുത്ത് ഞാന്‍ പറയുന്നില്ല, സീനിയേഴ്‌സില്‍ ചിലര്‍ക്ക് ചില സിക്നേച്ചര്‍ സീനുകളുണ്ട്. അത് കഴിഞ്ഞാല്‍ ആ സിക്നേച്ചര്‍ ഹോള്‍ഡ് ചെയ്ത ആളാണ് നിവിന്‍. സിനിമ കാണുമ്പോള്‍ അതൊക്കെ കണ്ട് ഞാന്‍ ഒരുപാട് ചിരിച്ചു. മനസറിഞ്ഞു ചിരിച്ചു,’ അജു വര്‍ഗീസ് പറയുന്നു.

നിവിന്‍ പോളിയുടെ ഹ്യൂമര്‍ ടൈമിങ് വളരെ വലുതാണെന്നും അജു അഭിമുഖത്തില്‍ പറഞ്ഞു. പ്രേമം സിനിമ തിയേറ്ററില്‍ നിന്ന് കാണുമ്പോള്‍ നിവിനാണ് അതെന്ന് മറന്ന് അറിയാതെ കയ്യടിച്ചു പോയിട്ടുണ്ടെന്നും താരം പറയുന്നു.

‘അവന്റെ ഹ്യൂമര്‍ ടൈമിങ് വളരെ മികച്ചതാണ്. പ്രേമം ഞാന്‍ തിയേറ്ററില്‍ കണ്ട് അറിയാതെ കയ്യടിച്ചു പോയിട്ടുണ്ട്. അവിടെ നിവിന്‍ ആണ് അതെന്ന് മറന്നു പോയിരുന്നു ഞാന്‍. പ്രത്യേകിച്ചും ചെളിയില്‍ ഉള്ള ഫൈറ്റ് കഴിഞ്ഞ് നടന്നു വരുന്ന ആ വരവില്‍ കയ്യടിച്ചു പോയി. അതാണ് ആ കഥാപാത്രത്തിന്റെയും സിനിമയുടെയും വിജയം,’ അജു വര്‍ഗീസ് പറയുന്നു.


Content Highlight: Aju Varghese Talks About Love Action Drama And Nivin Pauly