| Friday, 12th April 2024, 4:23 pm

മഞ്ഞുമ്മലിലെ കുട്ടേട്ടനും കുഞ്ഞിരാമായണത്തിലെ കുട്ടേട്ടനും; അന്ന് ആ ട്രോളിടാന്‍ ഒരു കാരണമുണ്ട്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം തിയേറ്ററിലെത്തിയ സിനിമകളില്‍ അസാധ്യപ്രകടനം കാഴ്ച്ചവെച്ച സിനിമയായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍ എ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍താര നിര തന്നെയുണ്ടായിരുന്നു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു സൗബിന്‍ ഷാഹിറിന്റേത്.

കൂട്ടുക്കാരനെ രക്ഷിക്കാനായി ജീവന്‍ പണയം വെച്ച് കുഴിയില്‍ ഇറങ്ങുന്ന കുട്ടേട്ടന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു സൗബിനെത്തിയത്. സിനിമ വന്നതിന് പിന്നാലെ നടന്‍ അജു വര്‍ഗീസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന സൗബിന്റെ കുട്ടേട്ടനെപ്പോലെ ഒരു സുഹൃത്തിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും പലര്‍ക്കും അവരുടെ ജീവിതത്തില്‍ ലഭിക്കുന്നത് താന്‍ കുഞ്ഞിരാമായണം എന്ന സിനിമയില്‍ അവതരിപ്പിച്ച കുട്ടേട്ടനെപ്പോലെയുള്ള സുഹൃത്തിനെയാവും എന്നാണ് താരം ട്രോളില്‍ പറഞ്ഞിരുന്നത്.

എങ്ങനെയാണ് അത്തരത്തിലുള്ള ഐഡിയ കിട്ടുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അജു വര്‍ഗീസ്. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അണ്‍ഫില്‍ടേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.

‘അത് എന്റേതല്ല. എനിക്ക് ആരോ വാട്‌സ്ആപ്പില്‍ അയച്ചു തന്നതാണ്. ഞാന്‍ അത് അഡ്മിന് അയച്ചു കൊടുത്തു. ഞാന്‍ നോക്കിയപ്പോള്‍ ഈ വര്‍ഷം തുടങ്ങി ജനുവരി, ഫെബ്രുവരിയൊക്കെയായി.

എന്നാല്‍ എന്റെ പടമൊന്നും ഇറങ്ങിയിട്ടില്ല. എന്റേതായി ഒരു സിനിമയും ഓടിയിട്ടില്ല. പിന്നെ ആ ട്രോളിലൂടെ ഓടിയ പടത്തിന്റെ വണ്ടിയില്‍ ചാടി കയറാന്‍ ഒരു പോസ്റ്റ് കിട്ടിയതായിരുന്നു അത്. അങ്ങനെ ഒന്ന് വലിഞ്ഞു കയറിയതാണ് ഞാന്‍,’ അജു വര്‍ഗീസ് പറഞ്ഞു.

2015ല്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത പുറത്തിറങ്ങിയ ചിത്രമായിരുന്നു കുഞ്ഞിരാമായണം. ചിത്രത്തില്‍ അജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് കട്ട് പീസ് കുട്ടന്‍ എന്നായിരുന്നു. ധ്യാന്‍ ശ്രീനിവാസന്റെ ലാലു എന്ന കഥാപാത്രം അജുവിനെ സിനിമയില്‍ കുട്ടേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

Content Highlight: Aju Varghese Talks About Kuttettan Troll

We use cookies to give you the best possible experience. Learn more