Entertainment news
നീ എന്നെയങ്ങ് കൊല്ലെന്നായിരുന്നു ജോഷി സാര്‍ പറഞ്ഞത്; അതിന് ശേഷം ഞാന്‍ സാറിന്റെ പടത്തില്‍ അഭിനയിച്ചിട്ടില്ല: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 14, 12:49 pm
Tuesday, 14th November 2023, 6:19 pm

ജോഷി സംവിധാനം ചെയ്ത സെവന്‍സ് സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നടന്ന രസകരമായ അനുഭവത്തെ പറ്റി സംസാരിക്കുകയാണ് അജു വര്‍ഗീസ്. തന്റെ പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സെവന്‍സ് സിനിമയില്‍ ഒരു ഫൈറ്റ് സീന്‍ കഴിഞ്ഞ് അവസാനം ബ്രേക്ക് വിളിച്ചു. അതിന് മുമ്പ് ഞങ്ങളുടെ ക്ലോസെടുക്കാമെന്ന് ജോഷി സാര്‍ പറഞ്ഞു. എന്റെ ക്ലോസായിരുന്നു ആദ്യം. ഒരു കയറ്റത്തിലാണ് ഈ ഫൈറ്റ് നടന്നിരുന്നത്.

അവിടെ മൊത്തം കത്തിച്ചിട്ട് ഞങ്ങള്‍ ആ കയറ്റം ഇറങ്ങി വരുന്നതാണ് സീന്‍. ഞങ്ങളുടെ പിന്നില്‍ ചെങ്കല്ലാണ്. അപ്പോള്‍ എന്റെ ക്ലോസപ്പ് താഴെ വച്ച് എടുക്കാന്‍ തീരുമാനിച്ചു. എന്നെ അതിന് വേണ്ടി നിര്‍ത്തുകയും ചെയ്തു.

ഫൈറ്റ് നടന്നത് അപ്പുറത്താണ്. പിന്നെ എങ്ങനെയാണ് ക്ലോസപ്പ് ഇവിടെ വെച്ച് ഷൂട്ട് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. എങ്ങനെയാണ് ഈ ചീറ്റ് സീന്‍ ചെയ്തെടുക്കുന്നതെന്നാണ് എനിക്ക് മനസിലാകാതിരുന്നത്.

അതിന് എന്തോ റിയാക്ഷന്‍ ഞാന്‍ കൊടുത്തു. അതോടെ ഞാന്‍ ജോഷി സാറിന്റെ നോട്ടപുള്ളിയായി മാറി. ആ ലഞ്ച് ബ്രേക്കിലാണ് അത്രനേരം ആ സിനിമയില്‍ മരിക്കുമെന്ന് തീരുമാനിച്ച രജിത് രക്ഷപ്പെടുന്നതും ഞാന്‍ മരിക്കുന്നതും. ഒരു ക്ലോസപ്പ് കാരണമായിരുന്നു ആ മരണം.

അതുപോലെ മറ്റൊരു സംഭവം ഉണ്ടായിരുന്നു, ഷൂട്ട് ചെയ്യുന്ന സമയത്ത് സാര്‍ അതില്‍ ഉപയോഗിക്കുന്ന മോണിറ്റര്‍ വളരെ വലുതാണ്. ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഏഴുപേരെയും സാര്‍ കൃത്യമായി പ്ലേസ് ചെയ്തു.

ഈ സീനെടുക്കുമ്പോള്‍ പെട്ടെന്ന് ജോഷി സാര്‍ അവന്‍ എവിടേയെന്ന് ചോദിച്ചു. സാര്‍ ഞാന്‍ ഇവിടെയുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. കൈകൊണ്ട് നീങ്ങി നില്‍ക്കാന്‍ കാണിച്ച് ‘ഇങ്ങ് വാ ഇങ്ങ് വാ, നീ എവിടെയാ,’ എന്ന് സാര്‍ വീണ്ടും ചോദിച്ചു.

ഞാന്‍ കൈകൊണ്ട് അദ്ദേഹം ചെയ്യുന്നത് കണ്ടിരുന്നില്ല. പകരം കേള്‍ക്കുന്നത് ഇങ്ങ് വാ എന്ന് മാത്രമാണ്. ഞാന്‍ നേരെ സാറിന് അടുത്തേക്ക് ചെന്ന് തോളില്‍ തട്ടി വിളിച്ചു. അത് കൂടെയായതോടെ ഞാന്‍ അതില്‍ എന്റെ മരണമുറപ്പിച്ചു.

സാറ് ഇങ്ങ് വാ എന്ന് പറഞ്ഞത് കൊണ്ടായിരുന്നു ഞാന്‍ അടുത്തേക്ക് പോയത്. പക്ഷെ ആ സമയത്ത് നീ എന്നെയങ്ങ് കൊല്ലെന്ന് സാര്‍ പറയുന്നത് ഞാന്‍ കേട്ടു. അതിന് ശേഷം ഞാന്‍ സാറിന്റെ പടത്തില്‍ അഭിനയിച്ചിട്ടില്ല (ചിരി). ഞാന്‍ കാരണമാണ് നീ ആ പടത്തില്‍ മരിക്കാതെ പോയതെന്ന് ഇടക്ക് ഞാന്‍ രജിതിനോട് പറയാറുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About Joshiy