2016ല്‍ പുറത്തിറങ്ങി ഏറെ വിജയമായ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകനായത്. നോബിള്‍ തോമസ് നിര്‍മിച്ച ചിത്രത്തില്‍ അജു വര്‍ഗീസ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായതിനെ കുറിച്ച് പറയുകയാണ് അജു. തന്റെ പുതിയ സിനിമയായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ ആവശ്യം ഇല്ലാത്ത പണി എടുക്കാന്‍ പോയിട്ടാണ് അത്. എന്നോട് ആ പണിക്ക് വരേണ്ടെന്ന് പറഞ്ഞതാണ്. ദുബായില്‍ ആയിരുന്നു സിനിമയുടെ ഷൂട്ട് നടന്നത്. വിദേശയാത്ര താത്പര്യപെടുന്ന ആളല്ല ഞാന്‍.
പക്ഷേ എന്റെ സുഹൃത്താണ് സിനിമയുടെ പ്രൊഡ്യൂസര്‍. ഹെലന്‍ സിനിമയിലെ ഹീറോ ആയ നോബിളാണ്. കോളേജില്‍ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. ഞാന്‍ സത്യത്തില്‍ വിചാരിച്ചത് മോണിറ്ററിന്റെ അടുത്ത് പോയി ഇരുന്നാല്‍ മതി എന്നാണ്.
പിന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ നിവിന്റെ ഒരു ടേക്ക് എടുക്കുമ്പോള്‍ ഞാന്‍ വിനീതിനോട് ഒരു കാര്യം പറഞ്ഞു. വേണമെങ്കില്‍ ഒന്നുകൂടെ എടുപ്പിച്ചോ എന്നായിരുന്നു അത്. നിവിനാണല്ലോ ഓപ്പോസിറ്റ് നില്‍ക്കുന്നതെന്ന് കരുതി. എന്നാല്‍ അന്ന് അത് പറഞ്ഞതിന്റെ ഓര്‍മ തന്നെ എനിക്ക് ട്രോമയാണ്.
ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കാന്‍ പോകുന്നു എന്നും പറഞ്ഞു കൊണ്ട് ഇവിടെ ഇന്റര്‍വ്യൂ കൊടുത്തിട്ടായിരുന്നു പോയത്. അന്ന് ഇന്നത്തെ പോലെ ഒരുപാട് ഓണ്‍ലൈന്‍ മീഡിയകള്‍ ഉണ്ടായിരുന്നില്ല. മനോരമയില്‍ ആയിരുന്നു ഞാന്‍ ഇന്റര്‍വ്യൂ കൊടുത്തത്. അതുകൊണ്ട് ഇടക്ക് വെച്ച് ഇട്ടിട്ട് വരാന്‍ എനിക്ക് കഴിയില്ലായിരുന്നു.
രണ്ടാം ദിവസം തന്നെ ഞാന്‍ സിനിമയില്‍ നിന്ന് പിന്മാറിയാലോ എന്ന് ആലോചിച്ചതാണ്. എന്നാല്‍ എല്ലാവരോടും പറഞ്ഞത് കൊണ്ട് നാണക്കേടാകുമല്ലോ എന്നോര്‍ത്തു. വിനീത് ക്രൂരത കാണിച്ചത് കൊണ്ടായിരുന്നില്ല, ആ ജോലി വളരെ ബുദ്ധിമുട്ടായത് കൊണ്ടായിരുന്നു അത്. അസിസ്റ്റന്റ് ഡയറക്ടറിന്റെ ജോലി അത്ര ചെറുതായിരുന്നില്ല,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Jacobinte Swargarajyam Movie