2016ല്‍ പുറത്തിറങ്ങി ഏറെ വിജയമായ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകനായത്.
തട്ടത്തിന് മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം.
നിവിന് പുറമെ രണ്‍ജി പണിക്കര്‍, ലക്ഷ്മി രാമകൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഐമ സെബാസ്റ്റ്യന്‍, സ്റ്റെസന്‍ വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, സായ് കുമാര്‍, അജു വര്‍ഗീസ്, റീബ മോണിക്ക ജോണ്‍ എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
നോബിള്‍ തോമസ് നിര്‍മിച്ച ചിത്രത്തില്‍ അജു വര്‍ഗീസ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായതിനെ കുറിച്ച് പറയുകയാണ് അജു. തന്റെ പുതിയ സിനിമയായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ ആവശ്യം ഇല്ലാത്ത പണി എടുക്കാന്‍ പോയതാണ് അത്. എന്നോട് ആ പണിക്ക് വരേണ്ടെന്ന് പറഞ്ഞതാണ്. ദുബായ്‌യില്‍ ആയിരുന്നു ഷൂട്ട് നടന്നത്. വിദേശയാത്ര താത്പര്യപെടുന്ന ആളല്ല ഞാന്‍.
പക്ഷേ എന്റെ സുഹൃത്താണ് സിനിമയുടെ പ്രൊഡ്യൂസര്‍. ഹെലന്‍ സിനിമയിലെ ഹീറോ ആയ നോബിളാണ്. കോളേജില്‍ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. ഞാന്‍ സത്യത്തില്‍ വിചാരിച്ചത് മോണിറ്ററിന്റെ അടുത്ത് പോയി ഇരുന്നാല്‍ മതി എന്നാണ്,’ അജു വര്‍ഗീസ് പറഞ്ഞു.
അജു ഏതോ ഹിന്ദി സിനിമയുടെ മേക്കിങ് വീഡിയോ കണ്ടിട്ടാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായതെന്നാണ് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന വിനീത് പറയുന്നത്.
‘ഏതോ ഹിന്ദി പടത്തിന്റെ എ.ഡിമാരൊക്കെ മോണിറ്ററിന്റെ മുന്നില്‍ ഇരിക്കുന്നത് ഒരു മേക്കിങ് വീഡിയോ കണ്ടിട്ടുണ്ട് അവന്‍. അങ്ങനെയാകും ഇവിടെയും എന്ന് കരുതിയാണ് അജു വന്നത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
സിനിമയില്‍ വിനീതിന്റെ അസിസ്റ്റന്റായപ്പോള്‍ ഉണ്ടായ ഒരു അനുഭവവും അജു ആ അഭിമുഖത്തില്‍ പങ്കുവെച്ചു. ഇന്നും ആ ഓര്‍മകള്‍ തനിക്ക് ഒരു ട്രോമയാണെന്നും അജു കൂട്ടിച്ചേര്‍ത്തു.
‘നിവിന്റെ ടേക്ക് എടുക്കുമ്പോള്‍ ഞാന്‍ വിനീതിനോട് ഒരു കാര്യം പറഞ്ഞു. വേണമെങ്കില്‍ ഒന്നുകൂടെ എടുപ്പിച്ചോ എന്നായിരുന്നു അത്. പറഞ്ഞതിന് ശേഷം അവിടെ നടന്നതിന്റെ ഓര്‍മകള്‍ തന്നെ എനിക്ക് ട്രോമയാണ്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Jacobinte Swargarajyam