മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
തുടക്കത്തില്‍ കോമഡി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന അജു 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെയാണ് തന്റെ ട്രാക്ക് മാറ്റിപ്പിടിച്ചത്. ഹെലനിലെ എസ്.ഐ. രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.
ഇപ്പോള്‍ നടന്‍ ഇന്നസെന്റിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. തന്റെ ചില സിനിമകളില്‍ ഇന്നസെന്റിന് ട്രിബ്യൂട്ടെന്നോണം ചിലത് ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അജു പറയുന്നത്. മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ നന്ദനം സിനിമയിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെ കുറിച്ചും അജു വര്‍ഗീസ് സംസാരിച്ചു. കാന്‍ ചാനല്‍
‘ഞാന്‍ കുഞ്ഞിരാമായണവും അല്ലെങ്കില്‍ അങ്ങനെയുള്ള പല സിനിമകളിലും ബേസിലിനോടൊക്കെ സംസാരിച്ച ഒരു കാര്യമുണ്ട്. മിന്നല്‍ മുരളിയുടെ സമയത്ത് വരെ ആ കാര്യം പറഞ്ഞിരുന്നു. അതായത് ഏതെങ്കിലും ഒരു സ്ഥലത്ത് ഇന്നസെന്റ് ചേട്ടന് ട്രിബ്യൂട്ട് പോലെ ഒന്ന് ചെയ്‌തോട്ടെയെന്ന്.
ഛേദമില്ലാത്ത സ്ഥലങ്ങളില്‍ അങ്ങനെയുള്ളത് കൊണ്ടുവരുന്നതിനെ കുറിച്ചാണ് പറഞ്ഞത്. കഥാപാത്രത്തിന്റെ ഇന്‍ഡെപ്ത്തിലോ അല്ലെങ്കിലോ ഡയലോഗിലോയല്ല ഞാന്‍ ഉദ്ദേശിച്ചത്. ഒരു ഓര്‍മക്ക് വേണ്ടി ചെറിയ രീതിയില്‍ എന്തെങ്കിലും മൂവ്‌മെന്റ് ഞാന്‍ കൊണ്ടുവരാറുണ്ട്.
നമ്മള്‍ ചെറുപ്പത്തിലും കോളേജിലുമൊക്കെയായി അനുകരിക്കുന്ന അല്ലെങ്കില്‍ ഓര്‍ക്കുന്ന ആളല്ലേ. നന്ദനം സിനിമയൊക്കെ ഓര്‍ത്തുനോക്കൂ. ഉണ്ണിയമ്മേയെന്ന് പറഞ്ഞ് ഇന്നസെന്റ് ചേട്ടന്‍ ഓടുന്ന സീനൊക്കെയുണ്ട്. കുമ്പിടിയെ കുറിച്ച് അറിഞ്ഞിട്ട് ഓടുന്ന ആ സീന്‍.
അതില്‍ ‘നേരത്തെ വന്നപ്പോള്‍ ഈ മതിലില്ലായിരുന്നല്ലോ. ഇത് എപ്പോഴാ ഈ മതില് വന്നേ’ എന്നുള്ള ഡയലോഗുണ്ട്. ഇത് ഫില്ലിങ്ങായിട്ട് നമുക്ക് ഒരിക്കലും തോന്നില്ല. അതായത് ഏച്ചുകെട്ടിയ ഡയലോഗായിട്ട് തോന്നുകയേയില്ല. ആ ചുറ്റുപാടിനെ കൂടെ ഉള്‍പ്പെടുത്തിയാണ് ഡയലോഗ്.
ചുമ്മാ കൗണ്ടറടിച്ച് ഫില്ലിങ് ചെയ്യുകയല്ല. ഇവരൊക്കെ അങ്ങനെയാണ് ചെയ്യാറുള്ളത്. അതും ടെക്‌നോളജിയൊന്നും ഇല്ലാത്ത സമയത്താണ് ഇതെന്ന് ഓര്‍ക്കണം. അതുകൊണ്ടാണ് അന്നത്തെ മലയാള സിനിമയിലെ നടന്മാരെയും ടെക്‌നീഷ്യന്‍സിനെയും ഇന്ത്യന്‍ സിനിമ ഇത്ര റെസ്‌പെക്ട് ചെയ്യുന്നത്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Innocent