| Tuesday, 27th August 2024, 9:59 am

അന്ന് ഞാന്‍ ഓവറാക്ടിങ് ചെയ്യുന്ന നടന്മാരുടെ ലിസ്റ്റില്‍ നമ്പര്‍ വണ്‍; വിനീതിനോട് ഇമ്പ്രൂവായെന്ന് പറഞ്ഞു: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍ നായകനായ സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരായിരുന്നു നായികമാരായി എത്തിയത്. കൊവിഡിന് ശേഷം തിയേറ്ററില്‍ എത്തി വലിയ വിജയമായി മാറിയ സിനിമ കൂടെയാണ് ഹൃദയം. മികച്ച സിനിമയ്ക്കുള്ള ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടാനും ഹൃദയത്തിന് സാധിച്ചിരുന്നു.

പ്രണവിനും കല്യാണിക്കും ദര്‍ശനക്കും പുറമെ അശ്വത് ലാല്‍, വിജയരാഘവന്‍, ജോണി ആന്റണി, അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, കലേഷ് രാമാനന്ദ് എന്നിവരും ഈ സിനിമയുടെ ഭാഗമായി. ഇപ്പോള്‍ ഹൃദയത്തിലെ തന്റെ ഇന്‍ട്രോ സീനിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹൃദയത്തിലേത് വളരെ നല്ല ഇന്‍ട്രോ ആയിരുന്നു. വിനീത് സ്‌പോട്ട് എഡിറ്റ് ചെയ്യുന്ന ആളല്ല. മാത്രമല്ല അദ്ദേഹത്തിന്റെ മോണിറ്റര്‍ വളരെ ചെറുതാണ്. കൈയ്യില്‍ കൊണ്ടുനടക്കാവുന്ന മോണിറ്ററാണ് അത്. വലിയ മോണിറ്ററായാല്‍ എല്ലാവരും വന്നു നോക്കുമല്ലോയെന്ന് കരുതിയാണ് അദ്ദേഹം ചെറിയ മോണിറ്ററും കൊണ്ട് നടക്കുന്നത്.

ഞാനാണെങ്കില്‍ വലിയ മോണിറ്ററാണെങ്കില്‍ ഓരോ സീക്വന്‍സും ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ പോയി നോക്കും. പക്ഷെ അതിന്റെ ആവശ്യമില്ല. കാരണം വിനീതാണല്ലോ എല്ലാം തീരുമാനിക്കേണ്ടത്. ഹൃദയത്തിലെ എന്റെ ഇന്‍ട്രോ സീന്‍ ബസില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്.

ആ സമയത്ത് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഓവറാക്ടിങ് ചെയ്യുന്ന നടന്മാരുടെ ലിസ്റ്റില്‍ നമ്പര്‍ വണ്ണായിരുന്നു. ഞാന്‍ അത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയൊക്കെ വായിച്ച് അറിഞ്ഞതായിരുന്നു. ഇത് എനിക്ക് മാറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു. കാലത്തിന് അനുസരിച്ച് മാറേണ്ടത് ആവശ്യമാണല്ലോ.

ഇന്‍ട്രോ സീനില്‍ ഞാന്‍ പതിയെ പ്രണവിന്റെ അടുത്ത് വന്നിരുന്ന് അവനെ ഒന്ന് നോക്കി ചിരിച്ചു. അത് കണ്ടതും വിനീത് കട്ട് പറഞ്ഞു. ‘ഇങ്ങനെയൊന്നും വേണ്ട, നീ സാധാരണ ചെയ്യുന്നത് പോലെ ഇളകി വന്ന് ചെയ്താല്‍ മതി’യെന്ന് അദ്ദേഹം പറഞ്ഞു.

അപ്പോള്‍ ‘ഗുരൂ, ഞാന്‍ നന്നായി’യെന്ന് പറയണമെന്ന് എന്റെ മനസില്‍ ഉണ്ടായിരുന്നു. ഞാന്‍ ഇമ്പ്രൂവായി, ഞാന്‍ കുറച്ചു കൂടി നന്നായി ചെയ്തു തരാമെന്ന് പറയണമെന്നും ആഗ്രഹിച്ചു. പക്ഷെ വിനീത് അതിന് സമ്മതിച്ചില്ല. അദ്ദേഹത്തിന് അദ്ദേഹം പ്രതീക്ഷിച്ചത് തന്നെ മതിയായിരുന്നു,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Hridayam Movie

We use cookies to give you the best possible experience. Learn more