വേണമെങ്കില്‍ ചെയ്ത് പോകേണ്ട സിനിമ; കഥ കേട്ട് ഞാന്‍ ഉറങ്ങുമ്പോള്‍ നിവിന്‍ ഡയറിയില്‍ സംശയങ്ങള്‍ എഴുതുകയായിരുന്നു: അജു വര്‍ഗീസ്
Entertainment
വേണമെങ്കില്‍ ചെയ്ത് പോകേണ്ട സിനിമ; കഥ കേട്ട് ഞാന്‍ ഉറങ്ങുമ്പോള്‍ നിവിന്‍ ഡയറിയില്‍ സംശയങ്ങള്‍ എഴുതുകയായിരുന്നു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th July 2024, 8:27 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അജു വര്‍ഗീസ്. കോമഡി വേഷങ്ങളിലൂടെയാണ് താരം ഏവര്‍ക്കും പ്രിയപ്പെട്ടതായി മാറിയത്. 2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെയാണ് അജു തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു നിവിന്‍ പോളിയും സിനിമയിലേക്ക് വരുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അജു വര്‍ഗീസ് – നിവിന്‍ പോളി കോമ്പോ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറി. ഇപ്പോള്‍ തമിഴ് യൂട്യൂബ് ചാനലായ റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തില്‍ നിവിനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്.

‘നിവിന്‍ ഒരു സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ അതിന് ഓക്കെ പറയില്ല. അവന് എപ്പോഴും ഒരുപാട് സംശയങ്ങളുണ്ടാകും. കൈയില്‍ ഡയറിയും ഒരു പെന്‍സിലും പിടിച്ചിട്ടാണ് പലപ്പോഴും കഥ ഡിസ്‌ക്കസ് ചെയ്യാന്‍ ഇരിക്കുക. അതില്‍ സംശയങ്ങള്‍ അങ്ങനെ എഴുതി വെയ്ക്കും. ആദ്യ സിനിമയായ മലര്‍വാടിയുടെ സമയത്തേ അങ്ങനെയായിരുന്നു.

അന്ന് എല്ലാവരും ഒരു ക്ലബില്‍ ഇരുന്നാണ് വിനീതില്‍ നിന്ന് ആ സിനിമയുടെ കഥ കേള്‍ക്കുന്നത്. ഞാന്‍ അതിനിടയില്‍ ഇടക്ക് ഉറങ്ങുന്നുണ്ട്. ആ സമയം നിവിന്‍ അവന്റെ കൈയിലെ ബുക്കില്‍ സംശയങ്ങള്‍ എഴുതുകയാണ്. ആദ്യ സിനിമയാണ് അത്. അവന് അതില്‍ റോള്‍ കിട്ടിയാല്‍ കിട്ടി എന്നതാണ് അവസ്ഥ. വേണമെങ്കില്‍ ചെയ്തിട്ട് പോകേണ്ട സിനിമയാണ്.

അപ്പോഴാണ് അവിടെ ഇരുന്ന് അവന്‍ സംശയം എഴുതി വെയ്ക്കുന്നത്. അവന്‍ അത്രയും ഫോക്കസ്ഡാണ്. പിന്നെ അതിന്റെ റിസള്‍ട്ട് എപ്പോഴും വ്യത്യസ്തമാണ്. ചില സിനിമകള്‍ സൂപ്പര്‍ ഹിറ്റാകും ചിലത് പരാജയപ്പെടും. അതൊക്കെ സ്വാഭാവികമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ വന്നത് പോലെ അവന്റെ വലിയ വരവ് ഉണ്ടാകാം. ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമൊക്കെ ഇനി വരാനുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About How He And Nivin Pauly Heard The Story Of Malarvaadi Arts Club Movie