മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വിഷ്ണു ഭരതന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫീനിക്‌സ്. 2023ല്‍ പുറത്തിറങ്ങിയ ഈ സിനിമ ഒരു ഹൊറര്‍ റൊമാന്റിക് ഴോണറിലായിരുന്നു എത്തിയത്.
ചിത്രത്തില്‍ അജു വര്‍ഗീസ്, ചന്തുനാഥ്, അനൂപ് മേനോന്‍ എന്നിവരും ഭഗത് മാനുവല്‍, അഭിരാമി ബോസ്, ആശ അരവിന്ദ്, അജി ജോണ്‍ എന്നിവരുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ഫീനിക്‌സിന് മുമ്പ് എങ്ങനെയാണ് ഒരു പ്രേത സിനിമയില്‍ അഭിനയിക്കേണ്ടത് എന്നറിയാനായി താന്‍ കോണ്‍ജുറിങ് കണ്ടതിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്.
നടന്‍ ഭഗത് മാനുവലിനെ അടുത്തിരുത്തിയാണ് കോണ്‍ജുറിങ്ങിന്റെ രണ്ടാം ഭാഗം കണ്ടതെന്നും ലൈറ്റിട്ട ശേഷം സിനിമ മ്യൂട്ട് ചെയ്ത് കാണുകയായിരുന്നുവെന്നും അജു വര്‍ഗീസ് പറയുന്നു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയയിരുന്നു നടന്‍.
‘ഞാന്‍ ഒരൊറ്റ പടമാണ് കണ്ടത്. കോണ്‍ജുറിങ് ആയിരുന്നു അത്. ഫീനിക്‌സ് സിനിമ ചെയ്യുന്നതിന് മുമ്പായിരുന്നു കോണ്‍ജുറിങ് കണ്ടത്. നമ്മള്‍ ഒരു പ്രേതപടത്തില്‍ അഭിനയിക്കുമ്പോള്‍ ഓപ്പോസിറ്റ് പ്രേതം ഉണ്ടാവില്ലല്ലോ. പ്രേതത്തെ കാണാതെ ആണല്ലോ നമ്മള്‍ അഭിനയിക്കേണ്ടത്.
അപ്പോള്‍ ഒരു പ്രേതപടത്തില്‍ എങ്ങനെ അഭിനയിക്കണം എന്നറിയാന്‍ വേണ്ടി ഞാന്‍ കോണ്‍ജുറിങ്ങിന്റെ രണ്ടാം ഭാഗം കണ്ടു. അതും മ്യൂട്ട് ചെയ്ത് ലൈറ്റൊക്കെ ഇട്ടിട്ടാണ് കണ്ടത്. നടന്‍ ഭഗതിനെയും എന്റെ അടുത്ത് ഇരുത്തിയിരുന്നു.
പ്രേത സിനിമ സൗണ്ടില്‍ കേട്ടാല്‍ പ്രശ്‌നമാണ്. മ്യൂട്ട് ചെയ്താല്‍ പിന്നെ നമുക്ക് എന്ത് പ്രേതം വന്നേക്കുന്നു (ചിരി). പ്രേത സിനിമയൊക്കെ മ്യൂട്ട് ചെയ്ത് കണ്ടാല്‍ ഒരു പേടിയും തോന്നില്ല. അതിന്റെ സൗണ്ടിലാണ് പേടി,’ അജു വര്‍ഗീസ് പറയുന്നു.
അജു വര്‍ഗീസിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹലോ മമ്മി’. ഐശ്വര്യ ലക്ഷ്മി – ഷറഫുദ്ദീന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്ന ഏറ്റവും പുതിയ ഫാന്റസി കോമഡി ചിത്രമാണ് ഇത്. നവാഗതനായ വൈശാഖ് എലന്‍സാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
Content Highlight: Aju Varghese Talks About Horror Movie Conjuring Second