| Sunday, 8th December 2024, 3:25 pm

ആ കാര്യം ഞാന്‍ ചെയ്താല്‍ ആളുകള്‍ എന്നെ വെറുക്കും: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലര്‍വാടി ആര്‍ട്സ്  ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് അജു വര്‍ഗീസ്. തുടക്ക കാലത്തെ കോമഡി കഥാപാത്രങ്ങളിലൂടെ അജു വര്‍ഗീസ് പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോള് സിനിമയുടെ വ്യത്യസ്ത തലങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുകയാണ് താരം.

ഗുരുവായുരമ്പലനടയില്‍ എന്ന ചിത്രത്തില്‍ ‘ കൃഷ്ണ കൃഷ്ണ ‘ എന്ന ഗാനം ആലപിച്ചത് അജു വര്‍ഗീസ് ആണ്. ആ പാട്ട് താന്‍ പാടി എന്ന് പറയുന്നതിന് ശരിയല്ലെന്നും വരികള്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അജു പറയുന്നു.

പരിപാടികള്‍ക്ക് പോകുമ്പോള്‍ ആളുകള്‍ ആ പാട്ട് പാടാന്‍ പറയുമെന്നും എന്നാല്‍ താന്‍ അത് നേരിട്ട് പാടിയാല്‍ ആളുകള്‍ തന്നെ വെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി തെരഞ്ഞെടുക്കുന്ന സിനിമകളെല്ലാം വളരെ ശ്രദ്ധയോടെ ആണെന്നും വേഷത്തിന്റെ ദൈര്‍ഘ്യത്തിലല്ല അതിന്റെ പുതുമയ്ക്കും പ്രാധാന്യം നല്‍കുന്നതെന്നും അജു പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘ഗുരുവായുരമ്പലനടയില്‍ എന്ന സിനിമയിലെ ‘കൃഷ്ണ കൃഷ്ണ’ എന്ന പാട്ട് ഞാന്‍ പാടിയെന്നു പറയുന്നത് ശരിയല്ല. ഞാന്‍ ശരിക്കും വരികള്‍ വായിച്ചതേയുള്ളൂ. സംഗീത സംവിധായകന്‍ അങ്കിത് മേനോനോടാണ് കടപ്പാട്. അദ്ദേഹമാണ് പാട്ട് ഇന്നത്തെ രൂപത്തിലാക്കിയത്.

പരിപാടികള്‍ക്കൊക്കെ പോകുമ്പോള്‍ ആ പാട്ട് വീണ്ടും പാടണമെന്നു ചിലര്‍ ആവശ്യപ്പെടാറുണ്ട്. ഞാന്‍ നേരിട്ട് പാടിയാല്‍ ആളുകള്‍ ഉറപ്പായും എന്നെ വെറുക്കും.

ശരിക്കും ഒരു കണ്‍ഫ്യൂഷനിലാണ് ഞാന്‍. കോമഡി വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആളുകള്‍ ചോദിക്കും കോമഡി മാത്രമേയുള്ളോന്ന്. ഇനി സീരിയസ് വേഷങ്ങള്‍ ചെയ്താല്‍ അതിലും വരും ചോദ്യം. പക്ഷേ, ഈ വര്‍ഷം ഇതെല്ലാം ചെയ്യാനും പരീ ക്ഷിക്കാനും പറ്റി. ‘വര്‍ഷ ങ്ങള്‍ക്കു ശേഷം’ സിനിമ യില്‍ ഇരട്ട വേഷമായിരുന്നു. ഗുരുവായൂര്‍ അമ്പലനടയില്‍ ഗായകനായി. കേരള ക്രൈം ഫയല്‍സ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ വെബ്സീരിസുകളില്‍ തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങള്‍.

സ്വര്‍ഗം, ഫീനിക്‌സ് എന്നിവയില്‍ നായകനായിരുന്നു. ഗഗനചാരി, ഹലോ മമ്മി എന്നിവയില്‍ കോമഡി, ആനന്ദ് ശ്രീബാലയില്‍ നല്ലൊരു ക്യാരക്ടര്‍ വേഷം. സ്താനാര്‍ത്തി ശ്രീക്കുട്ടനില്‍ നെഗറ്റീവ്. അങ്ങനെ വേറിട്ടൊരു യാത്രയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ അല്‍പം കൂടി ശ്രദ്ധിക്കുന്നുണ്ട്. വേഷത്തിന്റെ ദൈര്‍ഘ്യത്തിലല്ല, അതിന്റെ പുതുമയ്ക്കും പ്രാധാന്യത്തിനുമാണു മുന്‍ഗണന,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese Talks About His Selection of Films

Video Stories

We use cookies to give you the best possible experience. Learn more