Entertainment
മമ്മൂക്കയുടെ ആ സീന്‍ ഞാന്‍ നന്നാക്കണമെന്ന് ആഗ്രഹിച്ചു ചെയ്തു; അത് കോമഡിയായി പോയി: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 11, 10:37 am
Tuesday, 11th February 2025, 4:07 pm

രാജീവ് മേനോന്‍ സഹരചന നിര്‍വഹിച്ച് സംവിധാനം ചെയ്ത തമിഴ് ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്, അബ്ബാസ് തുടങ്ങി മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മിക്കവര്‍ക്കും പ്രിയപ്പെട്ട ചിത്രം കൂടെയാണ് ഇത്. ഈയിടെ നടന്‍ അജു വര്‍ഗീസ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ മമ്മൂട്ടിയും ഐശ്വര്യ റായും ഒരുമിച്ചുള്ള ഒരു ഇമോഷണല്‍ സീന്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറല്‍ ആയിരുന്നു.

സിനിമയില്‍ 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതില്‍ അജുവിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അരുണ്‍ ചന്തു പങ്കുവച്ച വീഡിയോ ആയിരുന്നു അത്. വീഡിയോ വൈറലായതോടെ അജുവിന് നിരവധി ട്രോളുകള്‍ ലഭിച്ചിരുന്നു.

ഇപ്പോള്‍ ആ വീഡിയോയെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. താന്‍ അത് കോമഡിയായിട്ടല്ല ചെയ്തതെന്നും വളരെ സീരിയസായിട്ടായിരുന്നെന്നും നടന്‍ പറയുന്നു. പക്ഷെ അത് കോമഡിയായി പോയതാണെന്നും അജു പറഞ്ഞു.

സത്യസന്ധമായും നന്നാക്കണമെന്ന് ആഗ്രഹിച്ച് തന്നെയാണ് താന്‍ ആ സീന്‍ ചെയ്തിരുന്നതെന്നും എന്നാല്‍ തോറ്റു പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ പടക്കുതിരയുടെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘ഞാന്‍ അത് കോമഡിയായിട്ടല്ല ചെയ്തത്. വളരെ സീരിയസായിട്ട് ചെയ്തതാണ്. പക്ഷെ അത് കോമഡിയായി പോയതാണ്. എന്തായാലും ആ സിനിമയും സീനും എത്ര ഗ്രേറ്റാണെന്ന് മനസിലായില്ലേ. എന്നുവെച്ചാല്‍ ഞാന്‍ ആ റീല് ചെയ്തത് കൊണ്ട് സീന്‍ എത്ര ഗ്രേറ്റാണെന്ന് മനസിലായില്ലേ എന്നല്ല.

ഞാന്‍ സത്യസന്ധമായും നന്നാക്കണമെന്ന് ആഗ്രഹിച്ച് തന്നെയാണ് ആ സീന്‍ ചെയ്തിരുന്നത്. പക്ഷെ തോറ്റു പോയി. അതിന്റെ റെസ്‌പോണ്‍സും റിയാക്ഷന്‍സും പിന്നെ ഫ്രണ്ട്‌സിന്റെ വക ട്രോളുകളുമൊക്കെ നന്നായി കിട്ടി. അതിനെ ചിലര്‍ വളച്ചൊടിക്കുകയും ചെയ്തു,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About His Reel Of Kandukondain Kandukondain