മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. 2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അഭിനയത്തിന് പുറമെ ഒരു നിര്‍മാതാവ് കൂടെയാണ് അജു.
ഇന്ന് ഫന്റാസ്റ്റിക് ഫിലിംസ് എന്ന പേരിലുള്ള ഒരു നിര്‍മാണ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. നടന്‍ ധ്യാന്‍ ശ്രീനിവാസന്‍, നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം എന്നിവരോടൊപ്പമാണ് അജു ഈ നിര്‍മാണ കമ്പനി ആരംഭിച്ചത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയായിരുന്നു ഫന്റാസ്റ്റിക് ഫിലിംസിന്റെ ആദ്യ സിനിമ. ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമ നിര്‍മിച്ചതിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്.
‘എനിക്ക് സംവിധായകന്‍ ആകാനുള്ള താത്പര്യം നഷ്ടമായി. അതുപോലെ പ്രൊഡക്ഷനും ഞാന്‍ നിര്‍ത്തി. നമ്മള്‍ മൂന്ന് സിനിമകളുടെ പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും ചെയ്തു. വളരെ ചുരുങ്ങിയ കമ്പനികളാണ് ആദ്യത്തെ പടം തന്നെ പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും ചെയ്യുന്നത്. അതില്‍ ഒന്ന് ഫന്റാസ്റ്റിക്കാണ്.
അതുകൊണ്ടാണ് ഞാന്‍ ഫന്റാസ്റ്റിക്കില്‍ എഫ് കഴിഞ്ഞിട്ട് ഡോട്ട് ഇട്ടത്. പക്ഷെ പിന്നെയും രണ്ട് സിനിമകള്‍ ചെയ്യേണ്ടി വന്നു. ഹെലനും ഗൗതമന്റെ രഥവും ഫിലിപ്പ്‌സും ഡിസ്ട്രിബ്യൂഷന്‍ ചെയ്തു. ആ ജോലി ചെയ്യുന്നത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി.
ചിലര്‍ക്ക് കുക്കിങ് അറിയാമായിരിക്കും, പക്ഷെ കുക്കിങ് ഇഷ്ടമാകണമെന്നില്ല. പക്ഷെ അഭിനയം അങ്ങനെയല്ല. വെയിറ്റ് ചെയ്യാന്‍ പറഞ്ഞാലും ഭക്ഷണമില്ലെന്ന് പറഞ്ഞാലും മഴ നനയേണ്ടി വന്നാലും ഓടേണ്ടി വന്നാലും ചാടാന്‍ പറഞ്ഞാലും ചെയ്യാന്‍ ഇഷ്ടമാണ്.
ഇത് പ്രൊഡക്ഷന്റെ കാര്യം വരുമ്പോള്‍ എനിക്ക് പരിഭവവും പിണക്കവും ദേഷ്യവും ഫ്രസ്‌ട്രേഷനുമെല്ലാമുണ്ട്. ആ പണി ഇപ്പോള്‍ ഇഷ്ടവുമല്ല. അതുകൊണ്ട് ഇനി സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. ഞാനായിട്ട് ഇനിയൊരു സിനിമ പ്രൊഡ്യൂസ് ചെയ്യാനുള്ള തീരുമാനത്തില്‍ എത്തില്ല.
അഞ്ച് സീന്‍ മാത്രമുള്ള വേഷം ചെയ്യുമ്പോള്‍ എനിക്ക് അതിലും സന്തോഷമുണ്ട്. ഞാന്‍ ഫുള്‍ വൈറ്റ് ആയിപോയത് ആ പടം പ്രൊഡ്യൂസ് ചെയ്തപ്പോഴാണ്. അതുവരെ താടിയൊക്കെ ബ്ലാക്കായിരുന്നു. ആ സിനിമ കൊണ്ട് നഷ്ടമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ആ സിനിമ ഒരുപാട് ടെന്‍ഷന്‍ തന്നു. ആ സമയത്താണ് ടെന്‍ഷനടിച്ച് കള്ളുകുടി കുറച്ച് കൂടിയത്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About His Production Company