| Sunday, 9th October 2022, 6:54 pm

തട്ടത്തിന്‍ മറയത്തിന് മുമ്പ് തന്നെ നിവിന് ഒരുപാട് ഓഫറുകള്‍ വന്നിരുന്നു; പക്ഷെ അന്നവന്‍ പറഞ്ഞ കാര്യം എനിക്കിപ്പോഴും ഓര്‍മയുണ്ട്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിന്റെ തുടക്കകാലത്ത് വരുന്ന എല്ലാ സിനിമകളും കമ്മിറ്റ് ചെയ്യുമായിരുന്നെന്നും കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഈയടുത്ത കാലത്താണ് വരുന്ന സിനിമകളുടെ സ്‌ക്രിപ്റ്റുകള്‍ വായിക്കാന്‍ തുടങ്ങിയതെന്നും നടന്‍ അജു വര്‍ഗീസ്.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

ഒരു സ്‌ക്രിപ്റ്റ് വരുമ്പോള്‍ അത് തെരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഞാന്‍ ഈയടുത്താണ് സ്‌ക്രിപ്റ്റ് വായിച്ചുതുടങ്ങിയത്. ലോക്ക്ഡൗണിന് ശേഷമാണ് സ്‌ക്രിപ്റ്റ് വായിച്ച് സിനിമ ചെയ്യാന്‍ തുടങ്ങിയത്. അതുകൊണ്ട് സ്‌ക്രിപ്റ്റ് വായിക്കുന്നതില്‍ ഞാനൊരു തുടക്കക്കാരനാണ്.

പക്ഷെ നിവിന്‍ അങ്ങനെയല്ല. വന്ന കാലം തൊട്ടേ പൂര്‍ണമായും സ്‌ക്രിപ്റ്റ് വായിച്ചാണ് അവന്‍ ചെയ്യുന്നത്. നിവിന്‍ ചില സിനിമകളോട് നോ പറയുന്നത് പോലെ പറയാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആസിഫലിയും ജോജുവുമൊക്കെ ഇന്റര്‍വ്യൂകളില്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്.

പണ്ട് ഞാന്‍ നോ പറയാന്‍ താല്‍പര്യപ്പെടാറില്ലായിരുന്നു. കാരണം വരുന്ന എല്ലാ സിനിമയും എല്ലാ വേഷവും ചെയ്യാനായിരുന്നു ആഗ്രഹിച്ചത്. പിന്നെ ആവര്‍ത്തനങ്ങളായപ്പോള്‍ അതിനോട് താല്‍പര്യം വരാതായി. അങ്ങനെ ചെയ്താല്‍ നമുക്ക് തന്നെ ആ ത്രില്‍ പോകും.

അതുകൊണ്ട് അത്തരം വേഷങ്ങളും സ്‌ക്രിപ്റ്റുകളും ഇപ്പോള്‍ ഒഴിവാക്കാറുണ്ട്,” അജു വര്‍ഗീസ്.

സുഹൃത്തായ നിവിന്‍ പോളി ചില സ്‌ക്രിപ്റ്റുകളോട് നോ പറയുന്നതിനെ കുറിച്ചും അജു അഭിമുഖത്തില്‍ പറയുന്നുണ്ട്. നിവിന്‍ പോളിയും അഭിമുഖത്തില്‍ അജുവിനൊപ്പമുണ്ടായിരുന്നു.

”തട്ടത്തിന്‍ മറയത്തിന് മുമ്പ് നിവിന്റെ അടുത്ത് ഒരുപാട് പേര് കഥ പറയാന്‍ വേണ്ടി വന്നിരുന്നു. അന്ന് നിവിന് ഇന്‍ഫോസിസില്‍ വര്‍ക്ക് ചെയ്തതിന്റെ കുറച്ച് സേവിങ്ങ്‌സേ ഉള്ളൂ. അതെന്നോട് പറഞ്ഞിരുന്നു

അന്ന് വന്നിരുന്നത് അന്നത്തെ ബെസ്റ്റ് ഓഫറുകളായിരുന്നു, പക്ഷെ ഇന്നത്തേത് വെച്ച് നോക്കുമ്പോള്‍ അത് വളരെ ചെറുതാണ്.

കാശായിരിക്കില്ല ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്ന് നിവിന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. കുറേ വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍, കാശിന് വേണ്ടി ചെയ്ത സിനിമ എന്ന ചിന്ത എനിക്ക് വരാന്‍ പാടില്ല.

ഒരു പടം ഓടാം ഓടാതിരിക്കാം. അത് ഏത് സിനിമയും നമുക്ക് ഇഷ്ടപ്പെട്ടാലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാം. അതില്‍ പ്രശ്‌നമില്ല.

പക്ഷെ തിരിഞ്ഞുനോക്കുമ്പോള്‍, ഓ ഈ സിനിമ ഞാന്‍ കാശിന് വേണ്ടിയായിരുന്നു ചെയ്തത് എന്നൊരു കുറ്റബോധവും വിഷമവും തോന്നാന്‍ പാടില്ല,” അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കിയ സാറ്റര്‍ഡേ നൈറ്റ് റിലീസ് ചെയ്യാനിരിക്കുകയാണ്. നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം ഒരു കോമഡി എന്റര്‍ടൈനറായാണ് ഒരുങ്ങിയിരിക്കുന്നത്.

Content Highlight: Aju Varghese talks about his and Nivin Pauly’s movie selection

We use cookies to give you the best possible experience. Learn more