| Friday, 18th October 2024, 1:56 pm

ട്രോളിനെയും റിവ്യൂവേഴ്സിനെയും പേടിച്ച് ഓവര്‍ ആക്ടിങ് കുറച്ച സമയത്ത് ചെയ്ത സിനിമ; സംവിധായകന്‍ അപ്സറ്റായി: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.

അവര്‍ക്ക് പുറമെ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയായിരുന്നു ഒന്നിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ നടന്‍ അജു വര്‍ഗീസും പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.

സിനിമയില്‍ അജുവിന് ഇരട്ട വേഷമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. നിര്‍മാതാവായ കമുകറ കേശവദേവായും കേശവദേവിന്റെ മകന്‍ ജയന്‍ കേശവദേവായും എത്തിയത് അജു വര്‍ഗീസ് തന്നെയായിരുന്നു. ഇപ്പോള്‍ ഈ സിനിമയെ കുറിച്ചും സംവിധായകന്‍ വിനീതിനെ കുറിച്ചും പറയുകയാണ് അജു വര്‍ഗീസ്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം എന്റെ അഭിനയത്തില്‍ കുറച്ച് അപ്സറ്റായിരുന്നു എന്നതാണ് സത്യം. ആ സമയത്ത് ഞാന്‍ ട്രോളുകളെയും റിവ്യൂവേഴ്സിനെയും പേടിച്ച് എന്റെ ഓവര്‍ ആക്ടിങ്ങൊക്കെ കുറച്ച് കുറച്ചിരിക്കുകയായിരുന്നു.

എന്നാല്‍ വിനീതിന് ആ സിനിമയിലെ എന്റെ കഥാപാത്രത്തിന്റ ചില സീനുകള്‍ കുറച്ച് ലൗഡായി തന്നെ വേണമായിരുന്നു. ആ കാര്യം അദ്ദേഹം എന്നോട് പറയുകയും ചെയ്തിരുന്നു. സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ അവസാനം കട്ട് പറഞ്ഞാല്‍ ഞാന്‍ അവന്റെ അടുത്ത് പോയി ഇരിക്കും.

ആ സമയത്ത് വളരെ ഫ്രീയായിട്ടാണ് ഞാന്‍ സംസാരിക്കുക. അപ്പോള്‍ ഇതല്ലേ നിന്നോട് ഞാന്‍ നേരത്തെ തരാന്‍ പറഞ്ഞത് എന്നാകും വിനീത് ചോദിക്കുക. ആ സിനിമയുടെ തുടക്കത്തില്‍ ഒന്നുരണ്ട് ദിവസം അദ്ദേഹം എന്റെ പെര്‍ഫോമന്‍സില്‍ അപ്സറ്റായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സിനിമാ സെറ്റില്‍ ഞാന്‍ വിനീതില്‍ സുഹൃത്തിനെ കാണാറില്ലായിരുന്നു. പകരം എനിക്ക് കുറച്ചുകൂടെ സ്ട്രിക്റ്റ് ആയിട്ടുള്ള സംവിധായകനായിട്ടാണ് തോന്നിയിട്ടുള്ളത്. അതേസമയം മറ്റുള്ളവര്‍ക്ക് അദ്ദേഹം ഫ്രണ്ട്ലി ആയി തോന്നുമായിരുന്നു. ഞാന്‍ മാത്രം ആ സ്പേസിലേക്ക് പോകാറില്ല,’ അജു വര്‍ഗീസ് പറയുന്നു.


Content Highlight: Aju Varghese Talks About His Acting In Varshangalkku Shesham

We use cookies to give you the best possible experience. Learn more