Entertainment
അന്ന് പറഞ്ഞു പറ്റിച്ച് പാട്ടുപാടാന്‍ വിളിച്ചു; അദ്ദേഹം കാരണം എനിക്ക് പാടേണ്ടിവന്നു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 10, 04:25 pm
Tuesday, 10th September 2024, 9:55 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. അദ്ദേഹം ആദ്യമായി ലവകുശ എന്ന സിനിമക്ക് വേണ്ടിയായിരുന്നു പാട്ട് പാടിയത്. നീരജ് മാധവ് എഴുതി ഗിരീഷ് മനോ സംവിധാനം ചെയ്ത ചിത്രമാണ് ലവകുശ.

2017ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ബിജു മേനോന്, നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവരാണ് നായകന്മാരായി എത്തിയത്. ലവകുശക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയത് ഗോപി സുന്ദറായിരുന്നു. ഈ സിനിമയില്‍ ‘അയ്യപ്പന്റെ അമ്മ’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അജു പാടിയത്.

ഇപ്പോള്‍ ആ പാട്ട് പാടാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. തനിക്ക് പാട്ടുപാടുന്നതില്‍ തുടക്കം കുറിച്ച് തരുന്നത് ഗോപി സുന്ദറാണെന്നാണ് അദ്ദേഹം പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘പാട്ടുപാടുന്നതില്‍ തുടക്കം കുറിച്ച് തരുന്നത് ഗോപി സുന്ദര്‍ ചേട്ടനാണ്. ലവകുശ സിനിമയിലായിരുന്നു അത്. അദ്ദേഹത്തിന് ഒപ്പം നീരജും ഉണ്ടായിരുന്നു. ഇവര് രണ്ടുപേരും കൂടെ എന്നെ പറ്റിച്ച് വിളിപ്പിച്ചാണ് പാട്ട് പാടിക്കുന്നത്. ഒരു ഡയലോഗ് ഡബ്ബ് ചെയ്യണമെന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്.

എന്നിട്ട് അവിടെ എത്തുമ്പോഴാണ് ഇങ്ങനെ പാട്ടുപാടാനാണ് വിളിച്ചത് എന്ന് പറയുന്നത്. പാട്ട് പാടല്‍ അല്ല, പകരം പാട്ട് പറഞ്ഞാല്‍ മതിയെന്നായിരുന്നു ആവശ്യം. ഇപ്പോഴത്തെ ടെക്‌നോളജി വെച്ച് അങ്ങനെ മതിയായിരുന്നു.

പക്ഷെ എന്നെ കൊണ്ട് അത് ചെയ്യിപ്പിക്കാന്‍ ഗോപി ചേട്ടനാണ് മുന്‍കൈ എടുത്തത്. ഞാന്‍ ആ പാട്ടുപാടാന്‍ കാരണമായത് അദ്ദേഹമാണ്. ഗോപി ചേട്ടനോടൊപ്പം നീരജിന്റെ പേരും പറയണം. കാരണം അവന്‍ വേണ്ടെന്ന് പറഞ്ഞാല്‍ ഗോപി ചേട്ടന്‍ എന്റെ പാട്ട് വേണ്ടെന്ന് പറഞ്ഞേനെ.

അതിന് മുമ്പ് പാട്ട് പാടുമായിരുന്നോ എന്ന് ചോദിച്ചാല്‍, എല്ലാവരും പാട്ട് ആസ്വദിക്കുന്ന ആളുകളാണല്ലോ. ഞാനും അങ്ങനെ തന്നെയായിരുന്നു. യാത്രകളില്‍ എനിക്ക് പാട്ട് കേള്‍ക്കല്‍ നിര്‍ബന്ധമായിരുന്നു. പാട്ട് നന്നായി ആസ്വദിക്കുന്ന ഒരാളായിരുന്നു ഞാന്‍,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Gopi Sundar