ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച പരീക്ഷണ ചിത്രമെന്ന വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഗഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന താരങ്ങള്‍.
2040കളില്‍ അന്യഗ്രഹജീവികള്‍ കടന്നുവന്ന ഡിസ്റ്റോപിയന്‍ കേരളത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സാജന്‍ ബേക്കറി, സായാഹ്ന വാര്‍ത്തകള്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത സിനിമയാണ് ഗഗനചാരി.
ഗഗനചാരിയെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. മലയാള സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത പരീക്ഷണമായിരുന്നു ഗഗനചാരിയെന്ന് അജു പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത പരീക്ഷണമായിരുന്നു ആ സിനിമ. എന്നേക്കാളേറെ ആ സിനിമയുടെ കഥയും കഥാപാത്രങ്ങളും മുതിര്‍ന്ന താരമായ ഗണേഷ്‌കുമാറിന് കണക്ട് ആയി. അദ്ദേഹമാണ് ആ സിനിമയുടെ ജീവന്‍ എന്നു പറയാം.
തിയേറ്ററിലും ഒ.ടി.ടിയിലും മികച്ച അഭിപ്രായം ഗഗനചാരി നേടിയപ്പോള്‍ ഇനിയും ഇത്തരം ചിത്രങ്ങള്‍ പുറത്തിറക്കാന്‍ അതൊരു വലിയ ധൈര്യം കൂടിയാണ് തരുന്നത് ,’ അജു വര്‍ഗീസ് പറയുന്നു.
മലയാളത്തിന് പുറമെ തമിഴിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് അജു വര്‍ഗീസ്. തന്റെ പുതിയ പ്രൊജക്ടുകളെ കുറിച്ചും അജു സംസാരിച്ചു.
‘പേരന്‍പ് സംവിധാനം ചെയ്ത റാമിന്റെ സിനിമയില്‍ നല്ലൊരു കഥാപാത്രമായെത്തുന്നുണ്ട്. ഇതിനൊപ്പം പ്രഭുദേവ – എ.ആര്‍.റഹ്മാന്‍ എന്നിവര്‍ കാല്‍ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന ചിത്രം മൂണ്‍വാക്ക്, ഒരു ജോളി അടിച്ചുപൊളി കഥാപാത്രമാണതില്‍.
ഇതിനൊപ്പം മലയാളത്തില്‍ ഐഡന്റിറ്റിയാണ് അടുത്ത ചിത്രം. പട കുതിരയില്‍ വീണ്ടും നായകനായെത്തുന്നു. കേരള ക്രൈം ഫയല്‍സ് 2, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നീവെബ്സീരിസുകളു മുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Gaganachari Movie