| Sunday, 29th December 2024, 1:32 pm

ഒട്ടും കണക്റ്റാകാതെ അഭിനയിച്ച ചിത്രം; സംവിധായകനുമായി പല കാര്യങ്ങളിലും തര്‍ക്കിച്ചിരുന്നു, എന്നാല്‍ പടം ഹിറ്റ്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച പരീക്ഷണ ചിത്രമെന്ന വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഗഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന താരങ്ങള്‍.

2040കളില്‍ അന്യഗ്രഹജീവികള്‍ കടന്നുവന്ന ഡിസ്റ്റോപിയന്‍ കേരളത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സാജന്‍ ബേക്കറി, സായാഹ്ന വാര്‍ത്തകള്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത സിനിമയാണ് ഗഗനചാരി.

ഗഗനചാരി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ചിത്രം താന്‍ ഒട്ടും കണക്ട് ആകാതെ അഭിനയിച്ചതായിരുന്നെന്നും പല കാര്യങ്ങള്‍ക്കും താന്‍ സംവിധായകനുമായി തര്‍ക്കിച്ചിരുന്നെന്നും അജു പറഞ്ഞു. സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നായിരുന്നു തന്റെ സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ റിലീസ് ചെയ്തത് 25 വയസില്‍ താഴെയുള്ളവര്‍ നിറഞ്ഞ ഒരു തിയേറ്ററിലായിരുന്നു എന്നും അവര്‍ സിനിമയെ സ്വീകരിക്കുന്നത് കണ്ടപ്പോള്‍ അറിവില്ലായ്മ തന്റെ മാത്രമായിരുന്നു എന്ന് മനസിലായെന്നും അജു വ്യക്തമാക്കി. സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമയിലെ ചക്രപാണി എന്ന കഥാപാത്രം വലിയ വെല്ലുവിളിയായ ഒന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘സയന്‍സ് ഫിക്ഷന്‍ സിനിമയായ ഗഗനചാരി ഞാന്‍ ഒട്ടും കണക്ട് ആകാതെ അഭിനയിച്ചു തുടങ്ങിയ സിനിമയാണ്. സംവിധായകന്‍ അരുണ്‍ ചന്തു ഈ സിനിമയെപ്പറ്റി പറഞ്ഞ പല കാര്യങ്ങളിലും ഞാന്‍ തര്‍ക്കിച്ചിരുന്നു. ഈ സിനിമയിലെ വിഷയം എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതായിരുന്നു എന്റെ സംശയം.

എന്നാല്‍, ഈ സിനിമ റിലീസ് ചെയ്തത് 25 വയസില്‍ താഴെയുള്ളവര്‍ നിറഞ്ഞ ഒരു തിയേറ്ററിലായിരുന്നു. അവിടെ അവര്‍ ഈ സിനിമയെ സ്വീകരിച്ച രീതി കണ്ടപ്പോള്‍ അറിവില്ലായ്മയെന്നത് എന്റെമാത്രം കാര്യമായിരുന്നെന്ന് മനസിലായി.

സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമയിലെ ചക്രപാണി എന്ന കഥാപാത്രം വലിയ വെല്ലുവിളിയായ ഒന്നായിരുന്നു. എന്റെ കരിയറിലെ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചക്രപാണി. ഒരു അധ്യാപകന്‍ എങ്ങനെ ആകരുതെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ചക്രപാണി.

ഈഗോ അടക്കം ഒരുപാട് നെഗറ്റീവ് സ്വഭാവങ്ങള്‍ ഉള്ള ഒരാളാണ് ചക്രപാണി. ആദ്യം ഈ സിനിമയില്‍ മറ്റൊരുവേഷമാണ് എനിക്ക് പറഞ്ഞിരുന്നത്. പിന്നീടാണ് ഞാന്‍ ചക്രപാണിയുടെ വേഷംചെയ്യാന്‍ തെരഞ്ഞെടുക്കപ്പെടുന്നത്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese Talks About Gaganachari Movie

We use cookies to give you the best possible experience. Learn more