| Monday, 25th November 2024, 2:04 pm

ഗഗനചാരി നന്നായി ഓടിയപ്പോള്‍ മിക്കവര്‍ക്കും എന്റെ മറ്റൊരു സിനിമ ഇഷ്ടമായി; അതിന്റെ ലോജിക്ക് മനസിലായില്ല: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശിവ സായ്‌ക്കൊപ്പം തിരക്കഥയെഴുതി അരുണ്‍ ചന്തു സംവിധാനം ചെയ്ത സിനിമയായിരുന്നു ഗഗനാചാരി. 2024ല്‍ പുറത്തിറങ്ങിയ ഈ സിനിമ 2050കളിലെ കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് പറഞ്ഞത്.

അനാര്‍ക്കലി, ഗോകുല്‍ സുരേഷ്, കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയവരായിരുന്നു ഗഗനചാരിയില്‍ പ്രധാനവേഷത്തില്‍ എത്തിയത്. ഒപ്പം അജു വര്‍ഗീസും സിനിമയില്‍ അഭിനയിച്ചിരുന്നു.

സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന സിനിമയിലും അജു അഭിനയിച്ചിരുന്നു. ഗഗനചാരിക്ക് ശേഷം മിക്കവര്‍ക്കും സാജന്‍ ബേക്കറിയെന്ന സിനിമ ഇഷ്ടമായെന്നാണ് അജു വര്‍ഗീസ് പറയുന്നത്.

അതിന്റെ ലോജിക്ക് തനിക്ക് മനസിലായില്ലെന്നും ചിലപ്പോള്‍ ഒരു സംവിധായകന്റെ ഏതെങ്കിലും ഒരു സിനിമക്ക് കിട്ടുന്ന സ്വീകാര്യതയാകാം അതിന്റെ കാരണമെന്നും നടന്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചും നടന്‍ പറഞ്ഞു.

‘ഗഗനചാരി എന്ന സിനിമ നന്നായി ഓടിയപ്പോള്‍ മിക്കവര്‍ക്കും അരുണിന്റെ (അരുണ്‍ ചന്തു) സാജന്‍ ബേക്കറിയെന്ന സിനിമ ഇഷ്ടമായി. അത് എന്താണ് ലോജിക്കെന്ന് എനിക്ക് സംശയമായി (ചിരി).

എനിക്ക് അത് മനസിലാകുന്നില്ല. ചിലപ്പോള്‍ ഒരു സംവിധായകന്റെ ഒരു സിനിമക്ക് കിട്ടുന്ന ആക്സെപ്റ്റന്‍സാകാം അത്. അതിന് നല്ല ഉദാഹരണമുണ്ട്. ആമേന്‍ എന്ന സിനിമ അടിപൊളി സിനിമയാണ്.

എന്നാല്‍ അതിന് മുമ്പേ നായകനും സിറ്റി ഓഫ് ഗോഡും കണ്ട് എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ ആമേന്‍ കണ്ട് ഇഷ്ടമായിട്ടാണ് കൂടുതല്‍ ആളുകളും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്.

അതിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ മനസിലായില്ലെന്നോ ഇഷ്ടമായില്ലെന്നോ പറയുന്നത് ഒരു കുറ്റമോ കുറവോ ആയി മാറി. ആ മെന്റാലിറ്റിക്ക് എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല,’ അജു വര്‍ഗീസ് പറയുന്നു.


Content Highlight: Aju Varghese Talks About Gaganachari And Sajan Bakery Since 1962

Latest Stories

We use cookies to give you the best possible experience. Learn more