ജോഷിയുടെ സംവിധാനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണ് സെവന്‍സ്. സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമായിരുന്നു ഇത്. സെവന്‍സ് ഫുട്ബോള്‍ കളിക്കുന്ന ഏഴ് യുവാക്കളെ പറ്റിയായിരുന്നു സിനിമ പറഞ്ഞത്.
ഏഴ് യുവാക്കളുടെ കഥാപാത്രത്തെ ചെയ്തിരുന്നത് കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രജിത് മേനോന്‍, അജു വര്‍ഗീസ്, വിനീത് കുമാര്‍, മിഥുന്‍ രമേഷ് എന്നിവരായിരുന്നു.
ഇപ്പോള്‍ സിനിമയിലെ ഒരു ഫൈറ്റ് സീനിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. തന്റെ പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സെവന്‍സ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഏഴുപേരും കൂടെ നല്ല രസമുള്ള ലൊക്കേഷനായിരുന്നു അത്. ചാക്കോച്ചനും ആസിഫും മിഥുന്‍ ചേട്ടനുമൊക്കെ ഉണ്ടായിരുന്നു. കൂടെ സീനിയേഴ്‌സും തുടക്കക്കാര്‍ ആയവരുമുണ്ട്. ഞങ്ങളാണെങ്കില്‍ തുടക്കമാണ്.
അങ്ങനെ സിനിമയില്‍ ഫൈറ്റ് സീന്‍ എടുക്കേണ്ട ദിവസമെത്തി. ജോജു ചേട്ടനെയും മിഥുന്‍ ചേട്ടനെയുമൊക്കെ അടിച്ചിട്ട് ഞങ്ങള്‍ തിരിച്ചു വരുന്ന സീനായിരുന്നു അത്. ഫൈറ്റിനെ കുറിച്ച് എനിക്ക് ഒരു പിടുത്തവും ഉണ്ടായിരുന്നില്ല.
ഒരിടത്ത് നിന്ന് സംഭാഷണം പറയുന്നത് പിന്നെയും എനിക്ക് ചെയ്യാന്‍ കഴിയുന്ന സീനായിരുന്നു. ഫൈറ്റ് സിനിമയില്‍ കാണുമ്പോള്‍ ഉള്ള രസം മാത്രമേയുള്ളുവെന്നും ഇത്രയും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അന്ന് മനസിലായി.
ആദ്യമായിട്ടാണ് ഒരു ഫൈറ്റ് നേരിട്ട് കാണുന്നത്. ആ സമയത്ത് അയ്യയ്യോ ഇത് പറ്റില്ലെന്ന് തോന്നി. ഞാനാണെങ്കില്‍ ഫൈറ്റിന് പിന്നിലുള്ള ആളാണ്. ആസിഫോ ചാക്കോച്ചനോ മുന്നില്‍ നിന്ന് ഫൈറ്റ് ചെയ്യുമ്പോള്‍ തൊട്ട് പിന്നില്‍ ഞാന്‍ ഉണ്ടാവും.
ഒരു സീനില്‍ ചാക്കോച്ചന്‍ ഫൈറ്റ് ചെയ്യുമ്പോള്‍ പിന്നില്‍ എന്നെ തല്ലാന്‍ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ രാജശേഖര്‍ മാസ്റ്ററിന്റെ അസിസ്റ്റന്‍സാണ്. അടിക്കുന്ന ശബ്ദം അവിടെ മുന്നില്‍ കേള്‍ക്കണമെന്നാണ് മാസ്റ്റര്‍ പറഞ്ഞത്. ആ സീനില്‍ രണ്ടുപേര്‍ ചേര്‍ന്ന് എന്നെ അടിച്ചിടുകയാണ്.
ഓരോ ടേക്കിലും ഞാന്‍ അടി വാങ്ങുകയാണ്. കുറച്ച് കഴിഞ്ഞതും എന്തായാലും ദേഷ്യം വരുമല്ലോ നമുക്ക്. അതോടെ ഒന്നും പിടികിട്ടാതെ ആകെ ബ്ലാങ്കായി. ഞാനാണെങ്കില്‍ ഫ്രയിമിലുമില്ല. ആരോടും ഒന്നും പറയാനും പറ്റുന്നില്ല,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Fight Scene In Sevens Movie