കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രജിത് മേനോന്‍, അജു വര്‍ഗീസ്, വിനീത് കുമാര്‍, മിഥുന്‍ രമേഷ് എന്നീ താരങ്ങളെ അഭിനയിപ്പിച്ച് ജോഷി സംവിധാനം ചെയ്ത സിനിമയായിരുന്നു സെവന്‍സ്.
സെവന്‍സ് ഫുട്ബോള്‍ കളിക്കുന്ന ഏഴ് യുവാക്കളെ പറ്റി പറയുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമായിരുന്നു ഇത്. സിനിമയില്‍ ഏഴുപേരില്‍ ഒരാള്‍ മരിക്കുന്നുണ്ട്. തുടക്കത്തില്‍ രജിത് മേനോന്‍ ചെയ്ത കഥാപാത്രമായിരുന്നു മരണപ്പെടേണ്ടിയിരുന്നത്.
എന്നാല്‍ അവസാനം അജു വര്‍ഗീസായിരുന്നു അതില്‍ മരണപ്പെട്ടത്. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. തന്റെ പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സെവന്‍സ് സിനിമയുടെ ഒരു സീനില്‍ ചാക്കോച്ചന്‍ ഫൈറ്റ് ചെയ്യുമ്പോള്‍ പിന്നില്‍ എന്നെ തല്ലാന്‍ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ രാജശേഖര്‍ മാസ്റ്ററിന്റെ അസിസ്റ്റന്‍സാണ് അഭിനയിച്ചത്. അടിക്കുന്ന ശബ്ദം അവിടെ മുന്നില്‍ കേള്‍ക്കണമെന്നാണ് മാസ്റ്റര്‍ പറഞ്ഞത്. ആ സീനില്‍ രണ്ടുപേര്‍ ചേര്‍ന്ന് എന്നെ അടിച്ചിടുകയാണ്.
ഓരോ ടേക്കിലും ഞാന്‍ അടി വാങ്ങുകയാണ്. കുറച്ച് കഴിഞ്ഞതും എന്തായാലും ദേഷ്യം വരുമല്ലോ നമുക്ക്. അതോടെ ഒന്നും പിടികിട്ടാതെ ആകെ ബ്ലാങ്കായി. ഞാനാണെങ്കില്‍ ഫ്രയിമിലുമില്ല. ആരോടും ഒന്നും പറയാനും പറ്റുന്നില്ല
അവസാനം ബ്രേക്ക് വിളിച്ചു. അതിന് മുമ്പ് അവരുടെ ക്ലോസെടുക്കാമെന്ന് സാര്‍ പറഞ്ഞു. എന്റെ ക്ലോസായിരുന്നു ആദ്യം. ഒരു കയറ്റത്തിലാണ് ഈ ഫൈറ്റ് നടക്കുന്നത്. അത് ആ പടം കണ്ടാല്‍ മനസിലാവും.
അവിടെ മൊത്തം കത്തിച്ചിട്ട് ഞങ്ങള്‍ ആ കയറ്റം ഇറങ്ങി വരുന്നതാണ് സീന്‍. ഞങ്ങളുടെ പിന്നില്‍ ചെങ്കലാണ്. അപ്പോള്‍ എന്റെ ക്ലോസപ്പ് താഴെ വച്ച് എടുക്കാന്‍ തീരുമാനിച്ചു. എന്നെ അതിന് വേണ്ടി നിര്‍ത്തുകയും ചെയ്തു.
ഫൈറ്റ് നടന്നത് അപ്പുറത്താണ്. പിന്നെ എങ്ങനെയാണ് ക്ലോസപ്പ് ഇവിടെ വെച്ച് ഷൂട്ട് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. എങ്ങനെയാണ് ഈ ചീറ്റ് സീന്‍ ചെയ്തെടുക്കുന്നതെന്നാണ് എനിക്ക് മനസിലാകാതിരുന്നത്.
അതിന് എന്തോ റിയാക്ഷന്‍ ഞാന്‍ കൊടുത്തു. അതോടെ ഞാന്‍ ജോഷി സാറിന്റെ നോട്ടപുള്ളിയായി മാറി. ആ ലഞ്ച് ബ്രേക്കിലാണ് അത്രനേരം ആ സിനിമയില്‍ മരിക്കുമെന്ന് തീരുമാനിച്ച രജിത് രക്ഷപ്പെടുന്നതും ഞാന്‍ മരിക്കുന്നതും. ഒരു ക്ലോസപ്പ് കാരണമായിരുന്നു ആ മരണം,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Director Joshiy’s Movie