|

നിവിനൊപ്പം കല്യാണം വിളിക്കാന്‍ ജോഷി സാറിന്റെ വീട്ടില്‍; അവസരം ചോദിക്കാന്‍ നിന്ന ഞങ്ങളെ അടുത്ത പടത്തിലെടുത്തു: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇക്ബാല്‍ കുറ്റിപ്പുറം എഴുതി ജോഷി സംവിധാനം ചെയ്ത മലയാളം സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായിരുന്നു സെവന്‍സ്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിവിന്‍ പോളി, രജിത് മേനോന്‍, അജു വര്‍ഗീസ്, വിനീത് കുമാര്‍, മിഥുന്‍ രമേഷ് എന്നിവരായിരുന്നു ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്

നദിയ മൊയ്തു, റിമ കല്ലിങ്കല്‍, ഭാമ, സമ്പത്ത് റാം, ജോജു ജോര്‍ജ് എന്നിവരും സിനിമയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലബാറില്‍ പ്രചാരമുള്ള സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്ന ഏഴ് യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഈ സിനിമ.

ഇപ്പോള്‍ ഈ സിനിമയിലേക്ക് താനും നിവിന്‍ പോളിയും എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നിവിന്‍ പോളിയുടെ കൂടെ കല്യാണം വിളിക്കാന്‍ താന്‍ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ പോയിരുന്നെന്നും അപ്പോള്‍ ജോഷി അയാളുടെ അടുത്ത സിനിമയില്‍ തങ്ങള്‍ രണ്ടുപേരും ഉണ്ടെന്ന് പറയുകയായിരുന്നു എന്നുമാണ് അജു പറയുന്നത്.

താന്‍ നിവിന്‍ പോളിയുടെ കൂടെ ജോഷിയുടെ വീട്ടില്‍ പോയത് കല്യാണം വിളിക്കാന്‍ വേണ്ടിമാത്രം അല്ലായിരുന്നുവെന്നും ഏതെങ്കിലും ഒരു പടത്തില്‍ ജോഷിയോട് അവസരം ചോദിക്കാമെന്ന് കരുതിയിരുന്നെന്നും അജു പറയുന്നു. പോയത് കല്യാണം വിളിക്കാനായത് കൊണ്ട് ജോഷി ഇറങ്ങിപോടായെന്ന് പറഞ്ഞ് തന്നെ ഇറക്കി വിടില്ലെന്ന് അറിയാമായിരുന്നെന്നും താരം ചിരിയോടെ പറഞ്ഞു.

‘നിവിനിന്റെ കല്യാണം വിളിക്കാന്‍ ജോഷി സാറിന്റെ വീട്ടില്‍ പോയപ്പോഴാണ് സാറിന്റെ അടുത്ത സിനിമയില്‍ ഞങ്ങള്‍ രണ്ടുപേരുമുണ്ടെന്ന് സാറ് പറയുന്നത്.

ഞാന്‍ നിവിനിന്റെ കല്യാണം വിളിക്കാന്‍ പോയത് സാര്‍ ഇറങ്ങിപോടായെന്ന് പറഞ്ഞ് എന്നെ ഇറക്കിവിടില്ലല്ലോയെന്ന് ഓര്‍ത്തായിരുന്നു. ഇറക്കി വിടാതെ വീട്ടില്‍ ഇരുത്തും, ആ മാന്യത കാണിക്കും. അവിടുന്ന് പോകും മുമ്പ് ഏതെങ്കിലും ഒരു പടത്തില്‍ അവസരം ചോദിക്കാമെന്ന് കരുതിയിരുന്നു.

എന്നാല്‍ അത് പറയാന്‍ തുടങ്ങുമ്പോഴാണ് ജോഷി സാര്‍ ഇങ്ങോട്ട് സിനിമയെ പറ്റി പറയുന്നത്. അപ്പോള്‍ ഞങ്ങളാണെങ്കില്‍ അത് കൊള്ളാലോയെന്ന ചിന്തയില്‍ ഇരുന്നു.

പിന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഏഴുപേരും കൂടെ നല്ല രസമുള്ള ലൊക്കോഷനായിരുന്നു അത്. ചാക്കോച്ചനും ആസിഫും മിഥുന്‍ ചേട്ടനുമൊക്കെ ഉണ്ടായിരുന്നു. സീനിയേസുണ്ട് തുടക്കകാരായവരുമുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About Director Joshiy And Sevens Movie