മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അജു വര്‍ഗീസ്. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയമായ താരം കേരളാ ക്രൈം ഫയല്‍സ്, ഫീനിക്‌സ് പോലെയുള്ള സിനിമകളിലൂടെ തനിക്ക് സീരിയസ് വേഷങ്ങളും ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.
‘എബി’ സിനിമയുടെ സമയത്ത് ദിലീഷ് പോത്തന്‍ തന്നോട് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയെ കുറിച്ച് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആ സിനിമ നടന്നില്ലെന്നും പറയുകയാണ് അജു വര്‍ഗീസ്. വണ്ടര്‍വാള്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘എബി ചെയ്യുന്ന സമയത്ത് ദിലീഷേട്ടന്റെ രണ്ടാമത്തെ സിനിമയിലേക്ക് എന്നെ വിളിച്ചു. ആ കാര്യം അദ്ദേഹം ഈയടുത്ത് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ കാര്യം പറയുന്നത്. അല്ലെങ്കില്‍ ആളുകള്‍ ഞാന്‍ ഇത് ചുമ്മാ തള്ളുകയാണെന്ന് വിചാരിക്കും (ചിരി). അന്ന് ദിലീഷേട്ടന്‍ തന്റെ രണ്ടാമത്തെ സിനിമയിലെ കഥാപാത്രത്തെ കുറിച്ചായിരുന്നു എന്നോട് പറഞ്ഞത്.
പിന്നെയാണ് തൊണ്ടിമുതല്‍ വേറെയൊരു സിനിമയായി വന്നത്. എനിക്ക് തോന്നുന്നത്, അന്ന് ആ സിനിമ ദിലീഷേട്ടന് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ അന്ന് മുതല്‍ക്ക് തന്നെ എനിക്ക് റിയലിസ്റ്റിക് ചിത്രങ്ങളില്‍ വേഷം കിട്ടി തുടങ്ങിയേനേ. പിന്നെ മെയിന്‍സ്ട്രീം കൊമേഷ്യല്‍ സിനിമകള്‍ മാത്രം ചെയ്യുന്ന എന്നെ പോലെയൊരാളെ വെച്ച് എക്‌സ്പിരിമെന്റ് ചെയ്യാന്‍ ആളുകള്‍ക്ക് കോണ്‍ഫിഡന്‍സ് വേണ്ടേ.
അവര്‍ക്ക് മുന്നില്‍ ചിലപ്പോള്‍ രണ്ടു കാര്യങ്ങളുണ്ടാകും. ഒന്നാമതായി അങ്ങനെയൊരു കഥാപാത്രത്തിലൂടെ എന്നെ ബുദ്ധിമുട്ടിക്കരുതെന്ന ചിന്തയുണ്ടാകും. പിന്നെ അവരുടെ ജോലി കറക്ടായി നടക്കുകയും വേണം. ഫീനിക്‌സും കേരളാ ക്രൈം ഫയലുമൊക്കെ വന്നതോടെ എനിക്കും റിയലിസ്റ്റിക് സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിഞ്ഞു.
സ്ഥിരം ചെയ്തു വരുന്ന സിനിമകളുടെ വാര്‍പ്പു മാതൃക ഉടക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. കോമഡി ചെയ്ത ആളുകള്‍ ഇപ്പോള്‍ സീരിയസ് റോളുകള്‍ ചെയ്യുന്നുണ്ട്. ആ എക്‌സ്പിരിമെന്റിന് തുടക്കമിട്ടത് ജീത്തു സാറാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നീ കുറേ കോമഡി ചെയ്തല്ലോ, ഇനി നീ ഒരു വില്ലനാകു എന്നതാണ് അദ്ദേഹത്തിന്റെ രീതി. അത്തരം പരീക്ഷണങ്ങള്‍ ഇപ്പോള്‍ ഒരുപാട് നടക്കുന്നുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Dileesh Pothan Movie