|

രണ്ട് വര്‍ഷമായി ഒരു സിസ്റ്റത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ആ നടന്‍ കഷ്ടപ്പെടുകയാണ്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

ധ്യാന്‍ ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. പ്രൊഡ്യൂസഴ്‌സ് അസോസിയേഷനില്‍ ധ്യാന്‍ ശ്രീനിവാസന്റെ സിനിമകള്‍ മാസാമാസം രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ട് ഒരു തുക വന്നുകൊണ്ടിരിക്കുമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് പറഞ്ഞിട്ടുണ്ടെന്ന് അജു പറയുന്നു.

രണ്ട് വര്‍ഷമായി ഒരു സിസ്റ്റത്തിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ധ്യാന്‍ കഷ്ടപ്പെടുകയാണെന്നും തമാശ രൂപേണ അദ്ദേഹം പറഞ്ഞു. വണ്‍ 2 ടോക്കസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘നിര്‍മാതാവ് ആന്റോ ചേട്ടന്‍ എവിടേയോ പറഞ്ഞു എന്ന് പറഞ്ഞതാണ് അതിന്റെ സത്യാവസ്ഥ എനിക്ക് അറിയില്ല, എന്താണെന്ന് വെച്ചാല്‍ പ്രൊഡ്യൂസഴ്‌സ് അസോസിയേഷനില്‍ കൃത്യമായി മാസാമാസം ധ്യാന്‍ ശ്രീനിവാസന്റെ സിനിമ രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ട് ഒരു തുക വന്നുകൊണ്ടിരിക്കുന്നുണ്ടെന്ന്. രണ്ട് വര്‍ഷമായി ഒരു സിസ്റ്റത്തിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അവന്‍ കഷ്ടപ്പെടുകയാണ് (ചിരി).

അയാള്‍ തന്നെ ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട് ഇത്രയും സിനിമകള്‍ പരാജയമായിട്ടും എന്തുകൊണ്ട് അങ്ങനെയുള്ള എന്റെയടുത്ത് പിന്നെയും സിനിമകള്‍ വരുന്നു എന്ന്. കയ്യൊടിഞ്ഞപ്പോള്‍ വരെ വിശ്രമവേളകള്‍ എങ്ങനെ ആനന്ദകരമാക്കാം എന്ന് പറഞ്ഞ് അദ്ദേഹം ഉദ്ഘാടനങ്ങള്‍, ചാനല്‍ ഇന്റര്‍വ്യൂസ് തുടങ്ങിയ അഭിനയം അല്ലാത്ത കാര്യങ്ങള്‍ക്കും പോകും,’ അജു വര്‍ഗീസ് പറയുന്നു.

ഒരു ദിവസം പോലും മടി കാരണം വെറുതെ കളയാത്ത ആളാണ് ധ്യാന്‍ എന്ന് സംവിധായകനും അഭിനേതാവുമായ ജോണി ആന്റണി പറയുന്നു. ദിവസങ്ങളോളം അദ്ദേഹം തുടരെ തുടരെ സിനിമകളില്‍ അഭിനയിക്കുമെന്നും ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത സിനിമയുടെ ലൊക്കേഷനിലേക്ക് വിശ്രമമില്ലാതെ പോകുമെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

‘ഒരു ദിവസം പോലും ധ്യാന്‍ മടി കാരണം കളയില്ല. എത്രയോ ദിവസം അദ്ദേഹം തുടരെ തുടരെ അഭിനയിക്കും. വൈകുന്നേരം വരെ ഒരു സിനിമയുടെ ഷൂട്ടില്‍ ഇരുന്നിട്ട് വൈകുന്നേരമാകുമ്പോള്‍ അടുത്ത സിനിമയുടെ രണ്ട് സീന്‍ ചെയ്യാന്‍ ഉണ്ടെന്ന് പറഞ്ഞ് അങ്ങോട്ട് പോകും,’ ജോണി ആന്റണി പറയുന്നു.

Content Highlight: Aju Varghese Talks About Dhyan Sreenivasan