| Saturday, 4th January 2025, 9:15 pm

വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ലാല്‍ സാറും ശ്രീനി സാറും അഭിനയിച്ചിരുന്നെങ്കില്‍ എന്റെ റോള്‍ ചെയ്യേണ്ടിയിരുന്നത് മറ്റൊരു നടന്‍: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

ധ്യാനിനും പ്രണവിനും പുറമെ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയായിരുന്നു ഈ ചിത്രത്തില്‍ ഒന്നിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ താനും ശ്രീനിവാസനും അഭിനയിക്കേണ്ടതായിരുന്നുവെന്ന് മുമ്പ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും അവതരിപ്പിച്ച വേണു, മുരളി എന്നീ കഥാപാത്രങ്ങള്‍ പ്രായമാകുന്ന ഭാഗത്തായിരുന്നു ഇരുവരും അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ആരോഗ്യം മോശമായത് കൊണ്ടായിരുന്നു അത് നടക്കാതെ പോയത്.

ഇപ്പോള്‍ ആ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് അജു വര്‍ഗീസ്. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ കേശദേവ്, ജയന്‍ കേശദേവ് എന്നീ ഇരട്ട വേഷത്തിലാണ് അജു അഭിനയിച്ചത്. എന്നാല്‍ അതില്‍ മുകേഷായിരുന്നു അഭിനയിക്കേണ്ടതെന്നും തനിക്ക് ബേസിലിന്റെ കഥാപാത്രമായിരുന്നു നല്‍കിയതെന്നുമാണ് നടന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ആദ്യത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് ലാല്‍ സാറില്‍ നിന്ന് ആളുകള്‍ അറിഞ്ഞിരുന്നു. മോഹന്‍ലാല്‍ സാറും ശ്രീനിവാസന്‍ സാറുമായിരുന്നു പ്രണവിന്റെയും ധ്യാനിന്റെയും പ്രായമായ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്.

അപ്പോള്‍ എന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മുകേഷേട്ടന്‍ ആയിരുന്നു. ബേസില്‍ ചെയ്ത പ്രദീപ് എന്ന വേഷമായിരുന്നു എനിക്ക് വെച്ചത്. പക്ഷെ അവിടെ മോഹന്‍ലാല്‍ സാറും ശ്രീനി സാറും മുകേഷേട്ടനും വന്നാല്‍ ബേസിലിന്റെ കഥാപാത്രം എനിക്ക് ചെയ്യാന്‍ ആകില്ല. ഞാന്‍ അവരേക്കാള്‍ ചെറുപ്പമാണ്.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ മുകേഷേട്ടന്‍ തന്നെയായിരുന്നു എന്റെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. മുകേഷേട്ടനെ പോലെ ഒരാള്‍ക്ക് കൊടുത്ത വേഷമാണ് പിന്നീട് എന്നിലേക്ക് വരുന്നത്. അപ്പോള്‍ ഞാന്‍ അതിനോട് നീതി പുലര്‍ത്തണം.

ഒരിക്കലും മുകേഷേട്ടന്‍ തമാശ ചെയ്യുന്ന രീതിയിലേക്ക് ഞാന്‍ ചെയ്താല്‍ എത്തില്ല. അത്തരത്തില്‍ തമാശ ചെയ്താല്‍ എത്തില്ലെങ്കില്‍ ഞാന്‍ ചെയ്യുന്ന പുതിയ ഒരു എസ്‌കേപ്പിസമാണ് വളരെ നോര്‍മലായി പറയുക എന്നത്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About Casting Of Mohanlal, Sreenivasan And Mukesh In Varshangalkku Shesham Movie

We use cookies to give you the best possible experience. Learn more