ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം അഖില്‍ പോള്‍ – അനസ് ഖാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ടൊവിനോ തോമസ് നായകനാകുന്ന ഈ സിനിമയില്‍ അജു വര്‍ഗീസും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ഒപ്പം തെന്നിന്ത്യന്‍ നടി തൃഷയും നടന്‍ വിനയ് റായും അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഐഡന്റിറ്റിക്കുണ്ട്. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ചും ടൊവിനോയെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ഐഡന്റിറ്റിയുടെ ലോഞ്ചിങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും വളരെ പരിചിതനായ വിനയ് റായ് എന്ന നടനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ചെയ്യാന്‍ സാധിച്ചുവെന്നും അത് വളരെ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നുവെന്നും അജു പറഞ്ഞു. ഇതിനുമുമ്പ് താന്‍ ഭാഗമായ ബിഗ് ബജറ്റ് ചിത്രങ്ങള്‍ എ.ആര്‍.എം, 2018, മിന്നല്‍ മുരളി എന്നിവയായിരുന്നെന്നും ആ കടമ്പകളൊക്കെ ടൊവിനോ തോമസ് ചാടികടന്നെന്നും അജു പറയുന്നു.
‘നമുക്ക് എല്ലാവര്‍ക്കും വളരെ പരിചിതനായ നടനാണ് വിനയ് റായ് സാര്‍. അദ്ദേഹത്തോടൊപ്പം എനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ചെയ്യാന്‍ സാധിച്ചു. അത് വളരെ നല്ല ഒരു എക്‌സ്പീരിയന്‍സായിരുന്നു. പിന്നെ തൃഷ മാമിനൊപ്പവും വര്‍ക്ക് ചെയ്യാനായി.
ഇനി പറയാനുള്ളത് മറ്റൊരാളെ കുറിച്ചാണ്. എന്റെ സഹോദരനും കൂട്ടുകാരനുമായ ടൊവിനോ തോമസ്. പറയാനുള്ളത് വേറെയൊന്നുമല്ല. ഇതിനുമുമ്പ് ഞാന്‍ ഭാഗമായ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എ.ആര്‍.എം ആയിരുന്നു. ആ കടമ്പ ടൊവിനോ ചാടി.
അതിന് മുമ്പ് ഞാന്‍ ഭാഗമായ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം 2018 ആയിരുന്നു. അതിന്റെ കടമ്പയും അദ്ദേഹം ചാടി. 2018ന് മുമ്പ് ഞാന്‍ മിന്നല്‍ മുരളിയെന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി. ആ കടമ്പയും ടൊവിനോ ചാടികടന്നു. കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. ഈ സിനിമയുടെ കൂടെയും ദൈവം ഉണ്ടാകട്ടെ,’ അജു വര്‍ഗീസ് പറഞ്ഞു.
ഐഡന്റിറ്റി:
ത്രില്ലര്‍ സസ്പെന്‍സ് ഴോണറില്‍ ഇറങ്ങുന്ന ചിത്രമാണ് ഐഡന്റിറ്റി. ഹേയ് ജൂഡ് എന്ന സിനിമക്ക് ശേഷം തൃഷ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് ഇത്. മഡോണ സെബാസ്റ്റ്യന്‍, ഗൗതം വാസുദേവ് മേനോന്‍, സൈജു കുറുപ്പ്, റെബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Content Highlight: Aju Varghese Talks About Big Budget Movies With Tovino Thomas