| Thursday, 16th November 2023, 8:33 am

വീട്ടുക്കാര്‍ കൂട്ടുകൂടരുതെന്ന് പറയുന്ന ആ കൂട്ടുക്കാരന്‍ ഞാനാണ്; അവന്‍ നന്നായത് കൊണ്ട് ഞാന്‍ ആ കൂട്ടുവിട്ടു: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബെന്ന സിനിമയിലൂടെയായിരുന്നു അജു സിനിമയിലേക്ക് വന്നത്. സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ അജുവിനൊപ്പം ഭഗത് മാനുവലും അഭിനയിച്ചിരുന്നു.

രണ്ടുപേരും ഇപ്പോള്‍ ഫീനിക്‌സെന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ആ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയാണ് ഇരുവരും.

‘സിനിമയുടെ ഷൂട്ടിന് മുമ്പ് തലേന്ന് ഞാന്‍ ഡയലോഗൊക്കെ പഠിക്കും. എന്നിട്ടാണ് പിറ്റേന്ന് ലൊക്കേഷനിലേക്ക് വരുന്നത്. അജു അതൊന്നും ശ്രദ്ധിക്കില്ല. ഇവന്‍ ഷൂട്ടിന്റെ സമയത്ത് ഡയലോഗ് ഒരൊറ്റ നോട്ടം നോക്കിയാല്‍ തന്നെ കിട്ടും. എന്നെ സംബന്ധിച്ച് അത് പറ്റില്ല.

ഷൂട്ടിന്റെ സമയത്ത് ഡയലോഗ് നോക്കി വെച്ച ഇവന്‍ എന്റെയടുത്ത് ചെയ്യുന്നത് ചില കൊനിഷ്ട് പിള്ളേരെ പോലെയാണ്. സാറ് അപ്പുറത്ത് നില്‍ക്കുമ്പോള്‍ ചില കൂട്ടുക്കാരന്മാര്‍ അടുത്ത് വന്ന് ശല്യം ചെയ്യുമല്ലോ.

അത്തരത്തില്‍ ശല്യം ചെയ്ത് പഠിച്ച് വെച്ചത് തലയില്‍ നിന്ന് കളയിക്കുന്ന ആ കൂട്ടുക്കാരനാണ് ഇവന്‍. മലര്‍വാടി സിനിമ തൊട്ട് എന്റെ കൂടെകൂടി ഇവന്‍ ചെയ്യുന്നത് ഇത് തന്നെയാണ്,’ ഭഗത് പറഞ്ഞു.

‘ഞങ്ങള്‍ മലര്‍വാടി സിനിമയുടെ ഓഡീഷന്റെ സമയത്ത് പരിചയപ്പെട്ടതാണ്. നമ്മുടെ വീട്ടുക്കാര്‍ ചില കൂട്ടുക്കാരെ കാണിച്ചിട്ട് അവരുടെ കൂടെ കൂടരുതെന്ന് പറയില്ലേ.

ഇവന്റെ ആ കൂട്ടുക്കാരനാണ് ഞാന്‍. അങ്ങനെ എനിക്ക് കിട്ടിയ കൂട്ടുക്കാരനാണ് അവന്‍, ധ്യാന്‍. പക്ഷെ അവനിപ്പോള്‍ നന്നായത് കൊണ്ട് ഞാന്‍ ആ കൂട്ടുവിട്ടു,’ അജു ചിരിയോടെ പറഞ്ഞു.

അതേസമയം ഇരുവരുടെയും ഏറ്റവും പുതുതായി റിലീസിനെത്തുന്ന സിനിമയാണ് ഫീനിക്‌സ്. ഗരുഡന് ശേഷം മിഥുന്‍ മാനുവല്‍ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് ഇത്.

അജു വര്‍ഗീസ്, അനൂപ് വര്‍ഗീസ്, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഭരതനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.


Content Highlight: Aju Varghese Talks About Bhagath Manuel And Dhyan Sreenivasan

We use cookies to give you the best possible experience. Learn more