ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസും ഗുരു സോമസുന്ദരവുമായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. സിബി പോത്തന്‍ എന്ന കഥാപാത്രമായി മിന്നല്‍ മുരളിയില്‍ അജു വര്‍ഗീസും എത്തിയിരുന്നു.
ഈ സിനിമയുടെ സമയത്ത് താന്‍ ബേസിലിനോട് ഒരു കറക്ഷനെ കുറിച്ച് സംസാരിച്ചതിനെ പറ്റി പറയുകയാണ് അജു വര്‍ഗീസ്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. താന്‍ എന്തെങ്കിലും കറക്ഷന്‍ കണ്ടാല്‍ ആ കാര്യം പറയാറുണ്ടെന്ന് അജു പറഞ്ഞു.
‘എന്റെ കണ്ണില്‍ എന്തെങ്കിലും കറക്ഷന്‍ കണ്ടാല്‍ ഞാന്‍ ആ കാര്യം പറയാറുണ്ട്. ആരോടാണെങ്കിലും ഞാന്‍ എന്റെ അഭിപ്രായം പറയാറുണ്ട്. ആ കാര്യം സീരിയസായി എടുക്കണോ വേണ്ടയെ എന്നത് അവരുടെ ഇഷ്ടമാണ്. ഞാന്‍ സിനിമയില്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ ഒരു കാര്യം പറയാറുണ്ട്.
അതായത് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ തുറന്നു പറയുന്ന ആളാണെന്ന് ആദ്യമേ പറയും. പിന്നെ അത് എന്റെ കഥാപാത്രത്തിന്റെ കാര്യമാണെങ്കില്‍ കുറച്ച് കൂടുതലായി പറയും. കാരണം ആ കറക്ഷന്‍ ചിലപ്പോള്‍ എന്റെ മാത്രം ആവശ്യമായിരിക്കാം. അപ്പോള്‍ പറയാതിരിക്കാന്‍ പറ്റില്ലല്ലോ.
ഞാന്‍ അതൊന്നും ഒരു ഓര്‍ഡര്‍ എന്നോണമോ നിര്‍ബന്ധമെന്നോണമോ അല്ല പറയുന്നത്. അതായത് ഓരോന്നും പറയുമ്പോള്‍ അതിന്റെ ലോജിക്കിനെ കുറിച്ചും സംസാരിക്കും. ഞാന്‍ മിന്നല്‍ മുരളിയെന്ന സിനിമയില്‍ അത്തരത്തില്‍ ഒരു കാര്യം പറഞ്ഞിരുന്നു.
ആ സിനിമയുടെ ക്ലൈമാക്‌സില്‍ ടൊവിനോ ലോക്കപ്പ് പൊളിച്ച് നടന്ന് വരുന്ന ഒരു സീനുണ്ട്. അതില്‍ എന്റെയൊരു റിയാക്ഷന്‍ ഉണ്ടായിരുന്നു. ആ സീനിനായി രണ്ട് ടേക്കുകള്‍ എടുത്തിരുന്നു. അതിലെ രണ്ടാമത്തെ ടേക്കിലെ സീക്വന്‍സായിരുന്നു അവര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത്.
ഡബ്ബിങ്ങിന് വന്നിട്ട് നോക്കുമ്പോഴാണ് ഞാന്‍ അത് കാണുന്നത്. അപ്പോള്‍ ഞാന്‍ ബേസിലിനോട് ആ കാര്യം പറഞ്ഞു. ഫസ്റ്റ് ടേക്ക് ഇതിനേക്കാള്‍ നന്നായിരിക്കാമെന്നും അത് ഒന്നുകൂടെ കണ്ടു നോക്കാനും ഞാന്‍ അവനോട് ആവശ്യപ്പെട്ടു. ആ ഫസ്റ്റ് ടേക്ക് സിറ്റുവേഷന് കുറച്ച് കൂടെ യോജിക്കുന്നതാകുമെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു.
അദ്ദേഹം അത് ചെയ്തു തന്നു. ബേസിലിനെ പോലെ വലിയ വിഷനുള്ള ഒരു സംവിധായകന്‍ അത് ചെയ്തപ്പോള്‍ എനിക്ക് സന്തോഷം തോന്നി. അവന്‍ ഒട്ടും ഇന്‍സെക്വയര്‍ ആയിരുന്നില്ല. കൂടെയുള്ള ഒരാള്‍ പറയുന്നതില്‍ പോയിന്റുണ്ടെങ്കില്‍ അത് സീരിയസായി എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Basil Joseph And Minnal Murali