കഴിഞ്ഞ വര്‍ഷം തിയേറ്ററില്‍ എത്തി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു അത്.
പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും നിഖില വിമലും അനശ്വര രാജനും ഒന്നിച്ച ചിത്രത്തില്‍ അജു വര്‍ഗീസ് ഒരു ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. ഗായകന്റെ വേഷത്തിലായിരുന്നു അജു അഭിനയിച്ചത്. ഒപ്പം ‘കൃഷ്ണാ കൃഷ്ണാ’ എന്ന ഗാനം ആലപിക്കുകയും അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ബേസില്‍ ജോസഫ് വിളിച്ച് സിനിമയില്‍ താന്‍ അഭിനയിച്ച ഭാഗം എന്‍ജോയ് ചെയ്തുവെന്ന് പറഞ്ഞപ്പോള്‍ തനിക്കതില്‍ സന്തോഷം തോന്നിയെന്ന് പറയുകയാണ് അജു വര്‍ഗീസ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘അതൊരു ബ്ലസിങ്ങാണോയെന്ന് നമുക്ക് അറിയില്ല. ലിറിക്‌സ് കൂടെ കണ്ടപ്പോഴാണ് ഞാന്‍ അഭിനയിക്കാമെന്ന് പറഞ്ഞത്. കാരണം എനിക്ക് ആ ലിറിക്‌സ് ഒരുപാട് ഇഷ്ടമായിരുന്നു. വിനായക് (വിനായക് ശശികുമാര്‍) ആണ് വരികള്‍ എഴുതിയത്. പിന്നെ വിപിന്റെ പടം കൂടെയാണ്.
അങ്ങനെ ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ചെന്നു. ആദ്യം എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷെ ബേസില്‍ തൊട്ടടുത്ത ദിവസം എന്നെ വിളിച്ചു. ‘സീന്‍ കണ്ടു. അടിപൊളിയായിട്ടുണ്ട്’ എന്നായിരുന്നു അവന്‍ പറഞ്ഞത്.
പക്ഷെ ബേസില്‍ വിളിച്ചിട്ട് ആ സീന്‍ എന്‍ജോയ് ചെയ്തുവെന്ന് പറഞ്ഞപ്പോള്‍ എനിക്കതില്‍ സന്തോഷം തോന്നി. കാരണം അവന്‍ ആ സിനിമയുടെ സംവിധായകനല്ല, അതിലെ ഹീറോയാണ്. ബേസില്‍ പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി.
അപ്പോള്‍ പിന്നെ പാടാന്‍ അവസരം ചോദിച്ചാലോയെന്ന ആഗ്രഹം തോന്നി (ചിരി). എന്റെ ഒരു അത്യാഗ്രഹമായിരുന്നു അത്. അങ്ങനെ ഞാന്‍ വിപിനോടും അങ്കിതിനോടും ചോദിച്ചു വാങ്ങിയ അവസരമായിരുന്നു ആ പാട്ട്. അതാണ് ബ്ലസിങ്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Basil Joseph And Guruayurambala Nadayil Movie