Advertisement
Entertainment
ജൂഡ് തെറി വിളിച്ചു; തട്ടത്തിന്‍ മറയത്തിന്റെ സമയത്ത് അവന്‍ കരഞ്ഞുകൊണ്ട് ലാപ്പിന് മുന്നിലിരുന്നത് ഇന്നും ഓര്‍മയുണ്ട്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 25, 10:17 am
Wednesday, 25th December 2024, 3:47 pm

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളി, ഇഷ തല്‍വാര്‍, അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആ വര്‍ഷം വന്‍ വിജയമായിരുന്നു നേടിയത്.

തട്ടത്തിന്‍ മറയത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് അരുണ്‍ ചന്തുവായിരുന്നു. ഗഗനചാരി, സാജന്‍ ബേക്കറി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് അരുണ്‍. ഇരുസിനിമകളിലും നടന്‍ അജു വര്‍ഗീസ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

അരുണ്‍ ചന്തുവിനോട് താന്‍ തന്റെ ആക്ടേഴ്‌സ് ഈഗോ കീപ്പ് ചെയ്യാറുണ്ടെന്ന് പറയുകയാണ് അജു. തട്ടത്തിന്‍ മറയത്തിന്റെ സമയത്ത് അവന്‍ തന്റെ റൂംമേറ്റായിരുന്നെന്നും നടന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘ചന്തുവിനോട് ഞാന്‍ എന്റെ ആക്ടേഴ്‌സ് ഈഗോ കീപ്പ് ചെയ്യാറുണ്ട്. കാരണം നമ്മളുടെ സുഹൃത്താണല്ലോ അവന്‍. തട്ടത്തിന്‍ മറയത്ത് സിനിമ ചെയ്യുമ്പോള്‍ ചന്തു എന്റെ റൂംമേറ്റായിരുന്നു. അതില്‍ പോസ്റ്റര്‍ ഡിസൈനറായി വന്ന ആളാണല്ലോ ചന്തു.

അവനെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്ന കാര്യമുണ്ട്. നൈറ്റ് ഷൂട്ട് നടക്കുന്ന ഒരു ദിവസം രാവിലെ ജൂഡ് ആന്തണി കതക് തുറന്നുവന്ന് ചന്തുവിനെ തെറി വിളിച്ചു (ചിരി). എന്തോ പോസ്റ്ററോ ഫോട്ടോയോ കൊടുക്കാമെന്ന് പറഞ്ഞിട്ട് കൊടുക്കാത്തതിനായിരുന്നു അത്.

അവസാനം ചന്തു എണീറ്റ് വന്നിട്ട് കരഞ്ഞു കൊണ്ടാണ് ലാപ്‌ടോപ്പ് തുറന്ന് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. അവനെ എനിക്ക് അന്ന് തുടങ്ങിയ പരിചയമാണ്. അവന്റെ പല വട്ട് കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അവന്റെ ആ ക്രേസി ഐഡിയാസ് എനിക്ക് ഇഷ്ടമാണ്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese Talks About Arun Chandhu