| Friday, 5th July 2024, 10:14 am

വിനീതിന് ശേഷമുള്ള എന്റെ സെക്കന്റ് മെന്റര്‍ ഒരു സംവിധായകനാണ്; ആ സ്‌പേസ് കൊടുക്കാന്‍ കാരണമുണ്ട്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനായ അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ എത്തിയ വെബ് സീരീസാണ് കേരളാ ക്രൈം ഫയല്‍സ്. ആഷിഖ് ഐമര്‍ തിരക്കഥ എഴുതിയ സീരീസില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ വേഷപ്പകര്‍ച്ച ചര്‍ച്ചയായിരുന്നു. 2011ല്‍ എറണാകുളത്തെ ലോഡ്ജില്‍ നടന്ന ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായിരുന്നു സീരീസില്‍ പറഞ്ഞത്.

അജു വര്‍ഗീസ് ഇതില്‍ എസ്.ഐ മനോജായിട്ടാണ് എത്തിയത്. തനിക്ക് ഈ കഥാപാത്രത്തെ മികച്ചതായി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സംവിധായകന്‍ അഹമ്മദ് കബീറിന് വലിയ സംഭാവനയുണ്ടെന്നും വിനീത് ശ്രീനിവാസന് ശേഷമുള്ള തന്റെ മെന്ററാണ് അദ്ദേഹമെന്നും അജു പറയുന്നു. വണ്ടര്‍വാള്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഈ വെബ് സീരീസിലൂടെ കുറച്ചു കൂടെ സ്‌പേസ് കിട്ടിയത് പോലെ തോന്നിയിരുന്നു. കാരണം ഇതില്‍ ലെങ്ത്ത് കൂടുമല്ലോ. പിന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്ന സമയവും കൂടിയിരുന്നു. അത് ഒരു പരിധിവരെ സഹായകമായിട്ടുണ്ട്. നമ്മള്‍ അറിയാതെ ആ കഥാപാത്രത്തിലേക്ക് മാറിയതായി തോന്നി തുടങ്ങും.

ബോഡി ലാങ്വേജിനെ കുറിച്ച് ഞാന്‍ പറയുന്നില്ല. കാരണം അതിനെ കുറിച്ച് എനിക്ക് അങ്ങനെ പറയാന്‍ അറിയില്ല. രണ്ട് ദിവസം കഴിഞ്ഞ് മൂന്നാമത്തെ ദിവസമൊക്കെ ആകുമ്പോള്‍ ഡയലോഗ് റെന്‍ഡറിങ്ങും അതിന്റെ പേസിങ്ങും റിഥവുമൊക്കെ ഡയറക്ടറിന്റെ ചരടുവലിയുടെ കണ്‍ട്രോളിങ്ങിലാകും. അങ്ങനെ നമ്മള്‍ ആ കഥാപാത്രവുമായി നന്നായി സിങ്കാകും. അഹമ്മദിന് ആ കാര്യത്തില്‍ വലിയ കോണ്‍ട്രിബ്യൂഷനുണ്ട്.

അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ സെക്കന്റ് മെന്ററായി കാണുന്നത്. അതായത് വിനീത് ശ്രീനിവാസന് ശേഷമുള്ള എന്റെ മെന്ററാണ് അദ്ദേഹം. മനസില്‍ അദ്ദേഹത്തിന് അത്തരമൊരു സ്‌പേസ് കൊടുക്കാന്‍ കാരണമുണ്ട്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടാണ് അദ്ദേഹം മനോജ് എന്ന കഥാപാത്രത്തെ പെര്‍ഫോം ചെയ്യാനായി സെറ്റില്‍ ഗ്രൂം ചെയ്‌തെടുത്തത്,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Talks About Ahammed Khabeer

We use cookies to give you the best possible experience. Learn more