മലയാളത്തിന്റെ നടനവിസ്മയമാണ് മമ്മൂട്ടി. ഓരോ കാലത്തും ക്യാമറയ്ക്ക് മുന്നിലും പിന്നിലും വരുന്ന എന്ത് അപ്‌ഡേഷനും, അത് അഭിനയത്തിലായാലും ടെക്‌നോളജിയായാലും ആദ്യം അറിയുന്നത് മമ്മൂട്ടിയായിരിക്കും. ആദ്യസിനിമയിലെ അഭിനയത്തോടുള്ള ആവേശം ഇന്നും മമ്മൂട്ടിക്കുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ജഗതി ശ്രീകുമാര്‍ ഒരു സ്റ്റേജ് ഷോയ്ക്കിടെ മമ്മൂട്ടിയെ പറ്റി പറഞ്ഞ വീഡിയോ ഇന്നും പല സന്ദര്‍ഭങ്ങളിലും വൈറലാവാറുണ്ട്. ‘വീരം രൗദ്രം എന്നീ രസങ്ങളെ വളരെ വ്യക്തമായി കഥാപാത്രത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന വ്യക്തിക്ക് മാത്രമേ ഇതിഹാസ കഥാപാത്രങ്ങളെ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ സാധിക്കൂ.
ആ രീതിയില്‍ വെച്ചു നോക്കുമ്പോള്‍ മലയാള സിനിമയില്‍ ശ്രീ മമ്മൂട്ടിയല്ലാതെ മറ്റൊരു വ്യക്തിയില്ല,’ എന്നായിരുന്നു ജഗതി പറഞ്ഞത്. ജഗതി അന്ന് മമ്മൂട്ടിയുടെ ഇതിഹാസ കഥാപാത്രങ്ങളെ മാത്രമായിരുന്നു പരാമര്‍ശിച്ചിരുന്നത്.
ശൃങ്കാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ഭീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളും പ്രതിഫലിപ്പിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. പല സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങളെ കൂട്ടിയിണക്കിയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
അജു വര്‍ഗീസാണ് വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. മാജിക്കലെന്നാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. 2021 ല്‍ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രം നവരസയുടെ പശ്ചാത്തലസംഗീതമാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം പ്രധാനമായും മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങളാണ് മലയാളസിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഭീഷ്മപര്‍വം, നന്‍പകല്‍ നേരത്ത് മയക്കം, ബിലാല്‍, സി.ബി.ഐ 5, പുഴു എന്നിവയാണ് ആ നാല് ചിത്രങ്ങള്‍. നാലും തികച്ചും വ്യത്യസ്തമായി പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഭീഷ്മപര്‍വമാണ് ഇക്കൂട്ടത്തില്‍ ആദ്യമെത്തുന്ന ചിത്രം. മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്.
ലിജോ ജോസ് പെല്ലിശ്ശേരിയുമായൊന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തരിക്കുന്ന ചിത്രമാണ്.
പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.
പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവും പ്രതീക്ഷ കൂട്ടുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു.