മലയാളസിനിമയിലെ ഏറ്റവുമടുത്ത സുഹൃത്തുക്കളാണ് അജു വര്‍ഗീസും നീരജ് മാധവും. സിനിമക്ക് പുറത്തും ഇവരുടെ സൗഹൃദം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. വിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടര്‍ന്ന അടി കപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം, കെ.എല്‍ 10 പത്ത്, ജമ്‌നാപ്യാരി, ലവകുശ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു.
നീരജ് മാധവിന്റെ കൂടെ സിംഗപ്പൂരില്‍ പാര്‍ട്ടിക്ക് പോയ അനുഭവം പങ്കുവെക്കുകയാണ് അജു വര്‍ഗീസ്. അവിടെ തങ്ങളുടെ കൂടെ വന്ന നടന്മാര്‍ ബണ്ണീസ് പാര്‍ട്ടിക്ക് വരുന്നോ എന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ ഇല്ല എന്ന് മറപുടി പറഞ്ഞെന്ന് അജു വര്‍ഗീസ് പറഞ്ഞു. പിന്നീടാണ് അത് അല്ലു അര്‍ജുന്‍ നടത്തുന്ന ഫാം ഹൗസ് പാര്‍ട്ടിയാണെന്ന് അറിഞ്ഞതെന്നും വേഗം റെഡിയായി പോയെന്നും അജു കൂട്ടിച്ചേര്‍ത്തു.
അവിടെ എല്ലാവരും ഡാന്‍സ് ചെയ്ത് ഒരു പരുവമായെന്നും ഒടുവില്‍ നീരജും തെലുങ്ക് നടന്‍ രവി തേജയും ഒരുമിച്ച് ഡാന്‍സ് ചെയ്തിരുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. അതേ പാര്‍ട്ടിയില്‍ വെച്ച് റാണാ ദഗ്ഗുബട്ടിയെ കണ്ടെന്നും ബാഹുബലി റിലീസായി നില്‍ക്കുന്ന സമയമായിരുന്നു അതെന്നും അജു കൂട്ടിച്ചേര്‍ത്തു. നീരജിന് റാണയെ മുമ്പ് പരിചയമുണ്ടായിരുന്നെന്നും അത് വെച്ച് ഓര്‍മയുണ്ടോ എന്ന് നീരജ് ചോദിച്ചെന്നും അജു വര്‍ഗീസ് പറഞ്ഞു.
താന്‍ അത് കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നെന്നും റാണക്ക് നീരജ് ഒരു അവാര്‍ഡിന്റെ അത്രയേ ഉള്ളുവെന്ന് തോന്നിയെന്നും അജു കൂട്ടിച്ചേര്‍ത്തു. കുറച്ച് നേരം ആലോചിച്ച ശേഷം ഓര്‍മയില്ലെന്ന് റാണ മറുപടി കൊടുത്തെന്നും അജു വര്‍ഗീസ് പറഞ്ഞു. പുതിയ വെബ് സീരീസായ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരിസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേളി മാണിയോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘ഞങ്ങള്‍ സിംഗപ്പൂരില്‍ ഒരു പരിപാടിക്ക് പോയി. ഏതോ അവാര്‍ഡ് നൈറ്റോ മറ്റോ ആയിരുന്നു. അവിടെ വേറെയും നടന്മാര്‍ ഉണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ആരോ വന്നിട്ട് ‘ബണ്ണീസ് പാര്‍ട്ടിക്ക് വരുന്നില്ലേ’ എന്ന് ചോദിച്ചു. എന്താണ് സംഗതിയെന്ന് അറിയാത്തതുകൊണ്ട് വരുന്നില്ലെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴാണ് അത് അല്ലു അര്‍ജുന്‍ നടത്തുന്ന ഫാം ഹൗസ് പാര്‍ട്ടിയാണെന്ന് മനസിലായത്.
പുള്ളിയെ ബണ്ണി എന്നാണല്ലോ എല്ലാവരും വിളിക്കുന്നത്. അങ്ങനെ പാര്‍ട്ടിക്ക് പോയി അടിച്ചുപൊളിച്ചു. ഒരുപാട് ഡാന്‍സ് ചെയ്തു. ലാസ്റ്റ് നോക്കിയപ്പോള്‍ നീരജും രവി തേജയും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നുണ്ടായിരുന്നു. അവിടെ റാണാ ദഗ്ഗുബട്ടിയുമുണ്ടായിരുന്നു. ഇവന്‍ നേരെ പുള്ളിയുടെ അടുത്ത് ചെന്നിട്ട് ‘എന്നെ ഓര്‍മയുണ്ടോ’ എന്ന് ചോദിച്ചു.
സംഗതി, പണ്ടെപ്പെഴോ അവര് രണ്ടുപേരും ഒരു സ്റ്റേജില്‍ വെച്ച് കണ്ട് സംസാരിച്ചിട്ടുണ്ട്. ആ ഓര്‍മ വെച്ചാണ് നീരജ് അത് ചോദിച്ചത്. ഞാന്‍ നോക്കിയപ്പോള്‍ റാണക്ക് ഒരു അവാര്‍ഡിന്റെ അത്രയേ ഇവന്‍ ഉള്ളൂ. പുള്ളി കുറച്ച് നേരം ആലോചിച്ചിട്ട് ‘ഓര്‍മയില്ലെന്ന് തോന്നുന്നു’ എന്ന് മറുപടി നല്‍കി. ഇന്ന് ആലോചിക്കുമ്പോഴും അത് നല്ല കോമഡിയാണ്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese shares the memories of a party he went with Neeraj Madhav