കേരളവും ഇന്ത്യയും കടന്ന് തരംഗമായി മാറിയിരിക്കുന്ന മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയിലെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ട് അജു വര്‍ഗീസ്.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അജു വീഡിയോ പുറത്തുവിട്ടത്.
ടോവിനോ തോമസ് അവതരിപ്പിച്ച ജെയ്‌സണ്‍ എന്ന കഥാപാത്രവും അജു വര്‍ഗീസ് അവതരിപ്പിച്ച അളിയന്‍ കോണ്‍സ്റ്റബിള്‍ പോത്തന്റെ കഥാപാത്രവും തമ്മിലുള്ള കോമ്പിനേഷന്‍ സീനിന്റെ മേക്കിങ്ങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ടൊവിനോയുടെ കഥാപാത്രം അജുവിന്റെ കഥാപാത്രം പോത്തനെ തള്ളിമാറ്റുന്നതും പോത്തന്റെ മകന്‍ ജോസ്‌മോനൊപ്പം സൈക്കിളെടുത്ത് പോകുന്നതുമായ രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ ആണിത്. വീഡിയോ പങ്കുവെച്ച് രസകരമായ അടിക്കുറിപ്പും അജു എഴുതിയിട്ടുണ്ട്.
”അപ്പോള്‍ അവന്‍ ആണ് ഇവന്‍. അപ്പനെ എടുത്ത് എറിഞ്ഞിട്ട് ഒന്ന് നോക്കാതെ പോകുന്ന ജോസ്‌മോനെ… എടാ…,” എന്നാണ് അജു വീഡിയോക്കടിയില്‍ കുറിച്ചത്.
മാസ്റ്റര്‍ വസിഷ്ഠ് ആണ് ജോസ്‌മോന്റെ കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ച് കയ്യടി നേടിയത്.
അതേസമയം ലോകം മുഴുവന്‍ തരംഗമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി. ലോകമാകെ ട്രെന്‍ഡിംഗ് മൂന്നിലാണ് മിന്നല്‍ മുരളി എത്തിയത്.
ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിലാണ് മിന്നല്‍ മുരളി മൂന്നാം സ്ഥാനത്തെത്തിയത്. 30 രാജ്യങ്ങളില്‍ ടോപ്പ് ടെന്‍ ലിസ്റ്റിലുമുണ്ട്. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
അര്‍ജന്റീന, ബഹമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോന്‍ഡൂറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനാഡ് ആന്‍ഡ് ടൊബാന്‍ഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് മിന്നല്‍ മുരളി ടോപ്പ് ടെന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്.
നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യവും ഉയര്‍ന്നിട്ടുണ്ട്.
പുതുമുഖ താരം ഫെമിന ജോര്‍ജ് നായികയായ ചിത്രത്തില്‍ ഗുരു സോമസുന്ദരം, മാമുക്കോയ, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താരനിരയാണ് അഭിനയിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Aju Varghese shares the making video of a scene with Tovino Thomas in Minnal Murali