| Friday, 27th December 2024, 9:00 am

എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ആ നടനെ വിളിച്ചുകൊണ്ടാണ് ഞാന്‍ എല്ലാ കാര്യവും തുടങ്ങിയിരുന്നത്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. ചിത്രത്തിലെ എസ്.ഐ രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിനെക്കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മുതല്‍ അദ്ദേഹവുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നെന്ന് അജു പറഞ്ഞു. ആ ചിത്രത്തില്‍ നെടുമുടി വേണു, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ ലെജന്‍ഡുകള്‍ ഉണ്ടായിരുന്നെന്നും തങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം അതായിരുന്നെന്ന് അജു കൂട്ടിച്ചേര്‍ത്തു.

ആ സിനിമയില്‍ നെടുമുടി വേണു തങ്ങളെ എപ്പോഴും സപ്പോര്‍ട്ട് ചെയ്ത് ഓരോ സീനിലും നിന്നുവെന്നും അദ്ദേഹത്തെപ്പോലൊരു സീനിയര്‍ നടന്റെ സപ്പോര്‍ട്ട് തന്ന ധൈര്യം വലുതായിരുന്നെന്നും അജു പറഞ്ഞു. കാലങ്ങളായി സിനിമയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് അതിന്റെ ആവശ്യമില്ലാതിരുന്നിട്ടും അദ്ദേഹം അത് ചെയ്‌തെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

പിന്നീട് എല്ലാ ജനുവരി ഒന്നിന്ന് നെടുമുടി വേണുവിനെ വിളിച്ചുകൊണ്ടാണ് തുടങ്ങിയിരുന്നതെന്നും അദ്ദേഹം മരിക്കുന്നതിന് മുമ്പ് വരെ അത് തുടര്‍ന്നിരുന്നെന്നും അജു പറഞ്ഞു. 2020ല്‍ മാത്രമാണ് അത് നടക്കാതെ പോയതെന്നും ആ വര്‍ഷമായിരുന്നു കൊറോണ വന്നതെന്നും അജു കൂട്ടിച്ചേര്‍ത്തു. നെടുമുടി വേണു മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഫോട്ടോയാണ് തന്റെ പ്രൊഫൈല്‍ പിക്ചറെന്നും അത് മാറ്റാന്‍ ഇതുവരെ തോന്നിയിട്ടില്ലെന്നും അജു പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘മലര്‍വാടി മുതല്‍ തുടങ്ങിയ ആത്മബന്ധമാണ് വേണുച്ചേട്ടനുമായി. ആ സിനിമയില്‍ വേണുച്ചേട്ടന്‍, അമ്പിളിച്ചേട്ടന്‍, ജനാര്‍ദനന്‍ ചേട്ടന്‍ തുടങ്ങിയ മഹാനടന്മാര്‍ ഉണ്ടായിരുന്നു. ഞങ്ങളെപ്പോലുള്ള പുതുമുഖങ്ങള്‍ക്ക് അത് വലിയൊരു തുടക്കമായിരുന്നു. ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും അതായിരുന്നു. വേണുച്ചേട്ടന്‍ ഓരോ സീനിലും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. ലാലേട്ടനെപ്പോലുള്ള ലെജന്‍ഡുകളുടെ കൂടെ വര്‍ക്ക് ചെയ്തയാളാണ് അദ്ദേഹം.

അങ്ങനെയുള്ള ഒരാള്‍ക്ക് ഞങ്ങളെ ഹെല്‍പ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. പക്ഷേ, അത് ഞങ്ങള്‍ക്ക് തന്ന ധൈര്യം വലുതായിരുന്നു. ആ സിനിമക്ക് ശേഷം എല്ലാ ജനുവരി ഒന്നിന് ഞാന്‍ പുള്ളിയെ വിളിക്കുമായിരുന്നു. അദ്ദേഹം നമ്മളെ വിട്ടുപോകുന്നതിന് മുമ്പ് വരെ അത് തുടര്‍ന്നു. ഒരൊറ്റ വര്‍ഷം മാത്രമാണ് അത് നടക്കാതെ പോയത്. 2020ലായിരുന്നു അത്. വേണുച്ചേട്ടന്‍ പോയതിന് ശേഷം എന്റെ പ്രൊഫൈല്‍ പിക്ചര്‍ അദ്ദേഹത്തിന്റെ ഫോട്ടോയാണ്. അത് മാറ്റാന്‍ തോന്നിയിട്ടില്ല,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese shares the bond with Nedumudi Venu

We use cookies to give you the best possible experience. Learn more