| Wednesday, 2nd November 2022, 11:18 pm

എന്താണിങ്ങനൊക്കെ അജു? ആ ധ്യാനിനെ കണ്ട് പഠിക്ക്, എന്ത് നല്ല കുട്ടിയാണ് എന്ന് പറഞ്ഞ് നയന്‍താര മാം എന്നെ കൊല്ലും: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന സാറ്റര്‍ഡേ നൈറ്റ്‌സ് റീലിസിനൊരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ചുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പമുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അജു വര്‍ഗീസ്. നിവിന്‍ പോളി, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍ എന്നിവരും അഭിമുഖത്തില്‍ അജുവിനൊപ്പമുണ്ടായിരുന്നു.

ധ്യാനിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് നിങ്ങളുടെ പേരുകള്‍ പറയാറുണ്ട് എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അവനാരുടെയാ പറയാത്തത് എന്നാണ് അജു ചോദിച്ചത്. ഇപ്പോള്‍ ലൈവായി വിളിക്കട്ടെ എന്ന ചോദിച്ചപ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടെന്ന് പറയണ്ടെന്നും അജു ചിരിച്ചുകൊണ്ട് പറഞ്ഞു.

‘എന്തിനാ, ഇനി അത് കേട്ടിട്ട് എന്റെ കഥ പറയുന്നത്. ഞങ്ങളെ പറ്റിയുള്ള കഥകളില്‍ പകുതിയും അവന്റെ കാല്‍പനികതയാണ്.

ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റില്‍ എന്റെ അലമ്പൊക്കെ കാണുമ്പോള്‍ എന്താണിങ്ങനൊക്കെ അജു എന്നൊക്കെ പറഞ്ഞ് നയന്‍താര മാം എന്നെ കൊല്ലും. എന്നിട്ട് ആ ധ്യാനിനെ കണ്ട് പഠിക്ക് എന്ത് നല്ല കുട്ടിയാണ് എന്നാണ് പറയുക,’ അജു പറഞ്ഞു.

സാറ്റര്‍ഡേ നൈറ്റിലെ തന്റെ കഥാപാത്രത്തെ പറ്റി നിവിന്‍ പോളിയും സംസാരിച്ചു. ‘കൂട്ടുകാര്‍ക്കിടയില്‍ സര്‍പ്രൈസ് കൊടുക്കുന്ന പരിപാടി എല്ലാവര്‍ക്കുമുള്ളതാണല്ലോ. സര്‍പ്രൈസ് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. സ്റ്റാന്‍ലി എന്ന കഥാപാത്രം കൂട്ടുകാരേയും കൊണ്ട് ഒരു യാത്ര പോവുകയാണ്. കൂട്ടുകാര്‍ക്ക് ഈ യാത്രയെ പറ്റി വലിയ പിടിയുമില്ല. അതാണ് ഇടക്കിടക്ക് സര്‍പ്രൈസ് എന്ന് പറയുന്നത്,’ നിവിന്‍ പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ്‌സ് നവംബര്‍ നാലിനാണ് റിലീസ് ചെയ്യുന്നത്. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവീന്‍ ഭാസ്‌കറിന്റേതാണ് രചന. ചിത്രത്തിന്റെ നിര്‍മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്.

Content Highlight: Aju Varghese shares interesting experiences with Dhyan Srinivasan and nayanthara

We use cookies to give you the best possible experience. Learn more