ഇത്രയും കാലത്തിനിടയില്‍ എന്റെ അഭിനയം നന്നായെന്ന് വിനീത് വിളിച്ചുപറഞ്ഞത് ഒരൊറ്റ തവണയാണ്: അജു വര്‍ഗീസ്
Entertainment
ഇത്രയും കാലത്തിനിടയില്‍ എന്റെ അഭിനയം നന്നായെന്ന് വിനീത് വിളിച്ചുപറഞ്ഞത് ഒരൊറ്റ തവണയാണ്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th December 2024, 8:18 pm

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് അജു വര്‍ഗീസ്. വിനീത് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചു. ഹെലന്‍ എന്ന ചിത്രത്തിലൂടെ നെഗറ്റീവ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.

സിനിമയിലേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്ന വിനീത് ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. തനിക്ക് കടപ്പാടുള്ള ഒരേയൊരു സംവിധായകന്‍ വിനീതാണെന്ന് അജു പറഞ്ഞു. മറ്റ് സംവിധായകരോട് എപ്പോഴും നന്ദിയുണ്ടെന്നും എന്നാല്‍ കടപ്പാട് വിനീതിനോട് മാത്രമേയുള്ളൂവെന്നും അജു കൂട്ടിച്ചേര്‍ത്തു.

വിനീതാണ് തനിക്ക് ആദ്യത്തെ അവസരം തന്നതെന്നും മറ്റുള്ളവര്‍ അതിന് ശേഷമാണെന്നും അജു പറഞ്ഞു. ബാക്കിയുള്ള എല്ലാ സ്ഥലത്തും കുറച്ചൊക്കെ അലമ്പ് കാണിച്ചാലും വിനീതിന്റെ അടുത്ത് താന്‍ ഡീസന്റാണെന്നും അത് സ്‌നേഹം കൊണ്ടുള്ള പേടി കാരണമാണെന്നും അജു കൂട്ടിച്ചേര്‍ത്തു.

ഇത്രയും കാലത്തിനിടയില്‍ തന്റെ അഭിനയം നല്ലാതാണെന്ന് വിനീത് വിളിച്ചുപറഞ്ഞത് ഒരൊറ്റ തവണ മാത്രമാണെന്നും അജു പറഞ്ഞു. കേരള ക്രൈം ഫയല്‍സ് കണ്ടതിന് ശേഷമാണ് വിനീത് അങ്ങനെ പറഞ്ഞതെന്നും അതേദിവസം ദിലീഷ് പോത്തനും തന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞെന്നും അജു കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘എനിക്ക് കടപ്പാടുള്ള ഒരൊറ്റ സംവിധായകനേ മലയാളത്തില്‍ ഉള്ളൂ. അത് വിനീത് ശ്രീനിവാസന്‍ മാത്രമാണ്. ബാക്കി സംവിധായകരോട് എനിക്ക് എപ്പോഴും നന്ദിയുണ്ട്. പക്ഷേ കടപ്പാട് വിനീതിനോട് മാത്രമാണ്. കാരണം, എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനീതാണ്. ബാക്കിയുള്ളവര്‍ അതിന് ശേഷം അവസരം തന്നെന്ന് മാത്രം.

ബാക്കിയുള്ള എല്ലായിടത്തും ചെറിയ രീതിയിലൊക്കെ അലമ്പ് കാണിച്ചാലും വിനീതിന്റെ അടുത്തെത്തിയാല്‍ ഞാന്‍ ഡീസന്റായി നില്‍ക്കും. കാരണം, എനിക്ക് അവനോട് സ്‌നേഹം കൊണ്ടുള്ള പേടിയാണ്. ഇത്രയും കാലത്തിനിടക്ക് എന്റെ അഭിനയം നന്നായിട്ടുണ്ടെന്ന് വിനീത് വിളിച്ചുപറഞ്ഞത് ഒരൊറ്റ തവണയാണ്. കേരള ക്രൈം ഫയല്‍സ് കണ്ടതിന് ശേഷമാണ് അവന്‍ വിളിച്ചത്. അതേ ദിവസമാണ് ദിലീഷേട്ടനും എന്ന് വിളിച്ച് ആ സീരിസിലെ പെര്‍ഫോമന്‍സ് നന്നായിട്ടുണ്ടെന്ന് പറഞ്ഞത്. അത് രണ്ടും മറക്കില്ല,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese says Vineeth Sreenivasan called and appreciated him after Kerala Crime Files