എന്റെ ഇപ്പോഴത്തെ രൂപം വെച്ച് ആ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാന്‍ കഴിയില്ല: അജു വര്‍ഗീസ്
Entertainment
എന്റെ ഇപ്പോഴത്തെ രൂപം വെച്ച് ആ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാന്‍ കഴിയില്ല: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd December 2024, 11:34 am

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. ചിത്രത്തിലെ എസ്.ഐ രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ധ്യാനിനൊപ്പം അജു വര്‍ഗീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹൊറര്‍ കോമഡി ഴോണറില്‍ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അടി കപ്യാരേ കൂട്ടമണി. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചത്.

എന്നാല്‍ ഇപ്പോള്‍ ആ സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് പറയുകയാണ് അജു വര്‍ഗീസ്. തന്റെ അറിവില്‍ അങ്ങനെയൊരു രണ്ടാം ഭാഗത്തിന് പ്ലാന്‍ ഇല്ലെന്ന് അജു പറഞ്ഞു. അഥവാ രണ്ടാം ഭാഗം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ താന്‍ ഉണ്ടാകില്ലെന്നും ഇപ്പോഴത്തെ തന്റെ രൂപം വെച്ച് ആ കഥാപാത്രം ചെയ്യാന്‍ കഴിയില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു.

വിളിച്ചാല്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും ആ വേഷം ചെയ്യാന്‍ താന്‍ ആപ്റ്റല്ലെന്നും അജു വര്‍ഗീസ് പറഞ്ഞു. തനിക്കു മറ്റുള്ളവര്‍ക്കും ഒരുപാട് ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് അതെന്നും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അതിനൊരു രണ്ടാം ഭാഗം വേണ്ടെന്നുമാണ് തന്റെ അഭിപ്രായമെന്നും അജു കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാം ഭാഗത്തിനെപ്പറ്റി എനിക്ക് അറിവില്ല. ധ്യാന്‍ അങ്ങനെ ഏതോ ഇന്റര്‍വ്യൂവില്‍ പറഞ്ഞെങ്കില്‍ അവന് മാത്രമേ അതിനെപ്പറ്റി അറിയുള്ളൂ. എന്നെ ആരും ആ പ്രൊജക്ടിലേക്ക് വിളിച്ചിട്ടില്ല. മാത്രമല്ല, ഇപ്പോഴത്തെ എന്റെ രൂപത്തില്‍ ആ സിനിമയിലെ ക്യാരക്ടറിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുക എന്നത് വളരെ പ്രയാസമാണ്.

അതുകൊണ്ടുതന്നെ അങ്ങനെയൊരു രണ്ടാം ഭാഗമുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഉണ്ടാകില്ല. എനിക്കും മറ്റ് പലര്‍ക്കും ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് അടി കപ്യാരേ കൂട്ടമണി. ഇത്രയും വര്‍ഷം കഴിഞ്ഞ സ്ഥിതിക്ക് ആ സിനിമക്ക് സെക്കന്‍ഡ് പാര്‍ട്ട് വേണ്ട എന്നാണ് എന്റെ ആഗ്രഹം. എന്നെ വിളിച്ചാലും ഞാന്‍ പോകില്ല എന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese says that he don’t want to do the sequel of Adi Kapyare Koottamani movie