മലയാളത്തിന് ഒരുപിടി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നവരാണ് നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, സിജു വിത്സണ്‍ തുടങ്ങിയവര്‍. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അജു വര്‍ഗീസ്.
മലര്‍വാടി റിലീസായതിന് ശേഷം ഫാസില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന് അറിഞ്ഞെന്ന് അജു വര്‍ഗീസ് പറഞ്ഞു. മലര്‍വാടിയുടെ ഷൂട്ടിന് ശേഷം തങ്ങള്‍ തമ്മില്‍ നല്ലൊരു ബോണ്ട് ഉണ്ടായെന്നും അങ്ങനെ തങ്ങള്‍ ഒരുമിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയെന്നും അജു കൂട്ടിച്ചേര്‍ത്തു.
വളരെ സ്‌നേഹത്തോടെയാണ് ഫാസില്‍ തങ്ങളെ സ്വീകരിച്ചതെന്നും ചെറിയൊരു ഡയലോഗ് ആക്ട് ചെയ്യാന്‍ തന്നെന്നും അജു പറഞ്ഞു. വളരെ ചെറിയ ഡയലോഗായിരുന്നു അതെന്നും ഫാസില്‍ അത് അഭിനയിച്ച് കാണിച്ചുതന്നെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. നിവിന്‍ പോളിയും ഭഗതും നല്ല രീതിയില്‍ പെര്‍ഫോം ചെയ്‌തെന്നും അദ്ദേഹം സെലക്ട് ചെയ്യുമെന്ന് ഉറപ്പായെന്നും അജു പറയുന്നു.
എന്നാല്‍ തന്റെ ഊഴമെത്തിയപ്പോള്‍ കണ്‍ഫ്യൂഷനായെന്നും ഒരുപാട് മൂവ്‌മെന്റുകള്‍ ഉള്ളതുകൊണ്ട് ആറേഴ് തവണ ചെയ്യേണ്ടി വന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. ഒടുവില്‍ ആരെയും സെലക്ട് ചെയ്യാത്ത അവസ്ഥയായെന്നും ഇന്നും അത് മറക്കില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു. അജുവിന്റെ ഏറ്റവും പുതിയ വെബ് സീരീസായ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘മലര്‍വാടി ചെയ്ത് കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് ഫാസില്‍ സാര്‍ പുതിയൊരു സിനിമ ചെയ്യാന്‍ പോകുന്നെന്നും അതിലേക്ക് പുതുമുഖങ്ങളെ തേടുന്നുണ്ടെന്നും വാര്‍ത്ത കണ്ടു. ലിവിങ് ടുഗെതര്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. മലര്‍വാടി ചെയ്ത് കഴിഞ്ഞപ്പോഴേക്ക് ഞങ്ങള്‍ തമ്മില്‍ ഒരു ബോണ്ട് ഉണ്ടായി. അങ്ങനെ ഞങ്ങള്‍ അഞ്ചുപേരും ഒരുമിച്ച് ഫാസില്‍ സാറിന്റെ വീട്ടിലേക്ക് പോയി.
പുള്ളി ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വീകരിച്ചു. കുറച്ചുനേരം സംസാരിച്ച് ഇരുന്നിട്ട് ഞങ്ങളെ കൂളാക്കിയ ശേഷം അഭിനയിക്കാനുള്ള സീന്‍ തന്നു. ചെറിയൊരു സീനായിരുന്നു അത്. ഫാസില്‍ സാര്‍ അത് ആദ്യം അഭിനയിച്ച് കാണിച്ചിട്ട് അതുപോലെ ചെയ്യാന്‍ പറഞ്ഞു. കുറച്ച് മൂവ്‌മെന്റുകളുള്ള സീനായിരുന്നു. നിവിനും ഭഗത്തും അത് കറക്ടായി ചെയ്തു. എന്റെ ഊഴം വന്നപ്പോള്‍ മൊത്തം ടെന്‍ഷനായി. ആറേഴ് തവണ ചെയ്തുനോക്കിയിട്ടും ശരിയായില്ല. ഒടുവില്‍ ഞങ്ങളില്‍ ആര്‍ക്കും ചാന്‍സ് കിട്ടിയില്ല,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese says that he and Nivin Pauly went to Fazil’s audition after Malarvaadi Arts Club movie