വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. ചിത്രത്തിലെ എസ്.ഐ രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.
മദ്യപിച്ച് കഴിഞ്ഞാല്‍ ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിലെ ജഗതിയെപ്പോലെയാണ് താനെന്ന ധ്യാനിന്റെ ഡയലോഗിന് മറുപടി നല്‍കുകയാണ് അജു വര്‍ഗീസ്. താനും ധ്യാനും കുഞ്ഞിരാമായണത്തിന്റെ സെറ്റില്‍ വെച്ചാണ് സൗഹൃദത്തിലായതെന്ന് അജു പറഞ്ഞു. എല്ലാ ദിവസവും ഷൂട്ടിന് ശേഷം താനും ധ്യാനും മദ്യപിക്കുമായിരുന്നെന്നും അങ്ങനെയാണ് ധ്യാന്‍ തനിക്ക് പടയപ്പ എന്ന പേര് നല്‍കിയതെന്ന് അജു കൂട്ടിച്ചേര്‍ത്തു.
മദ്യപിച്ച് കഴിഞ്ഞാല്‍ താന്‍ ബാഹുബലിയാണെന്ന് സ്വയം തോന്നാറുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും അജു വര്‍ഗീസ് പറഞ്ഞു. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ കണ്ടതിന് ശേഷം മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചെന്നും അജു കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മദ്യം കൈകൊണ്ട് തൊട്ടിട്ട് രണ്ട് വര്‍ഷമായെന്നും വെള്ളം എന്ന സിനിമ തന്നെ വല്ലാതെ സ്വാധീനിച്ചെന്നും അജു വര്‍ഗീസ് പറഞ്ഞു. ഫ്‌ളവേഴ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു അജു.
‘ധ്യാന്‍ പറഞ്ഞത് ശരിയാണ്. മദ്യപിച്ച് കഴിഞ്ഞാല്‍ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ അമ്പിളിച്ചേട്ടനെപ്പോലെയാണ്. പടയപ്പ എന്ന് അവന്‍ വെറുതെ വിളിച്ചതല്ല. കുഞ്ഞിരാമായണത്തിന്റെ ഷൂട്ടിനിടയിലാണ് ഞങ്ങള്‍ കൂടുതല്‍ കമ്പനിയായത്. അന്ന് എല്ലാദിവസവും ഷൂട്ടിന് ശേഷം ഞങ്ങള്‍ കൂടുമായിരുന്നു. കാരണം, ആ സിനിമയുടെ സെറ്റ് വളരെ ജോളിയായിരുന്നു. അതൊരു നല്ല സിനിമയായി വരുമെന്ന് ഞങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. ഞാനും ധ്യാനും പിന്നെ വേറെ കുറച്ച് കമ്പനിക്കാരും ഒന്നിച്ച് കൂടും. വിനീത് അതില്‍ പങ്കെടുക്കില്ല.
പിന്നെ, മദ്യപിച്ച് കഴിഞ്ഞാല്‍ എന്നെക്കാള്‍ ശക്തിയുള്ളവന്‍ വേറെയില്ല എന്നാണ് എന്റെ ചിന്ത. സ്വയം ബാഹുബലിയാണെന്ന് വരെ ഞാന്‍ കരുതും. പക്ഷേ ഒരിക്കലും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിട്ടില്ല എന്ന് എവിടെ വേണമെങ്കിലും ഞാന്‍ പറയും. പക്ഷേ ജയസൂര്യ അഭിനയിച്ച വെള്ളം എന്ന സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു. ആ സിനിമ കണ്ടതിന് ശേഷം ഞാന്‍ പിന്നെ മദ്യപിച്ചിട്ടില്ല. ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി മദ്യം കൈകൊണ്ട് തൊട്ടിട്ട്. വെള്ളം എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ ഇംപാക്ട് ആണത്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese says he quit alcohol after watched Vellam movie