| Wednesday, 9th November 2022, 1:43 pm

നാട്ടുകാരുടെ അടുത്തെല്ലാം ഞാന്‍ ചാന്‍സ് ചോദിക്കും, പക്ഷെ ഇതുവരെ ചോദിക്കാത്ത ഒരേയൊരാളേയുള്ളൂ: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരങ്ങളാണ് അജു വര്‍ഗീസും നിവിന്‍ പോളിയും. വിനീത് സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഹൃദയം എന്നീ സിനിമകളിലും അജു പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ താന്‍ ഇതുവരെ ചാന്‍സ് ചോദിക്കാത്ത ഒരേയൊരാള്‍ വിനീത് ശ്രീനിവാസനാണെന്ന് പറയുകയാണ് ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അജു വര്‍ഗീസ്.

നമുക്കൊരുമിച്ച് ഒരു പടം ചെയ്യേണ്ടേ, എന്ന് എപ്പോഴെങ്കിലും വിനീതേട്ടനോട് അങ്ങോട്ട് ചോദിച്ചിട്ടുണ്ടോ, എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഞാന്‍ ചാന്‍സ് ചോദിക്കാത്ത ഒരേയൊരു സംവിധായകന്‍ വിനീത് മാത്രമാണ്. ബാക്കി നാട്ടുകാരുടെ അടുത്തെല്ലാം ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ട്.

പക്ഷെ അവന്റടുത്ത് മാത്രം ചോദിച്ചിട്ടില്ല. അത് ഞങ്ങള്‍ വളരെ ക്ലോസായത് കൊണ്ടൊന്നുമല്ല.

ആദ്യമായി എന്നെ ഇങ്ങോട്ട് വിളിച്ച് ചാന്‍സ് തന്ന ഒരാളാണല്ലോ വിനീത്. അപ്പൊ പുള്ളിയോട് തന്നെ ‘എന്നാല്‍ ഒരു സിനിമ ചെയ്യാം’ എന്ന് ചോദിക്കുന്നത് ഒരു…,” അജു വര്‍ഗീസ് പറഞ്ഞു.

എന്നാല്‍ താന്‍ വിനീതിനോട് ചാന്‍സ് ചോദിച്ചുവാങ്ങിയിട്ടുണ്ടെന്നും ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ റോള്‍ അങ്ങനെ പിറകെ നടന്ന് വാങ്ങിയതാണെന്നും അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന നിവിന്‍ പോളി പറഞ്ഞു.

”ഞാന്‍ ചോദിച്ച് മേടിച്ചിട്ടുണ്ട്. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഞാന്‍ ചോദിച്ച് വാങ്ങിയതാണ്. പിന്നാലെ നടന്ന്, ശല്യപ്പെടുത്തി, ഇറിറ്റേറ്റ് ചെയ്ത് മേടിച്ച റോളാണ് അത്.

അതിന്റെ കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍, അടിപൊളി ഇത് ഞാന്‍ ചെയ്‌തോളാം, എന്ന് ഞാന്‍ വിനീതിനോട് പറഞ്ഞു. ആ… ഇത് ഞാന്‍ എനിക്ക് ചെയ്യാന്‍ വേണ്ടി വെച്ചിരിക്കുകയാണ് എന്ന് വിനീത് പറഞ്ഞു.

ഏയ്, നിങ്ങള്‍ ചെയ്യേണ്ട, നിങ്ങള്‍ ഡയറക്ട് ചെയ്യ്, ഞാന്‍ വന്ന് അഭിനയിക്കാം, എന്ന് ഞാനും പറഞ്ഞു,” നിവിന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

”ജേക്കബിലേത് വിനീത് ചെയ്യാന്‍ വെച്ചിരുന്ന വേഷമായിരുന്നു. പക്ഷെ അത് ഞാന്‍ ചെയ്തിരുന്നെങ്കില്‍ കഷ്ടപ്പാടായേനെ, എന്ന് വിനീത് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. കാരണം സംവിധാനവും അഭിനയവും കൂടി ഒരുമിച്ച് ചെയ്യുന്നത് പ്രാക്ടിക്കലി കുറച്ച് ബുദ്ധിമുട്ടാണല്ലോ,” അജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ്, വിപിന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ ജയ ജയ ജയഹേ എന്നിവയാണ് അജു വര്‍ഗീസിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമകള്‍.

ഇതില്‍ ജയ ജയ ജയ ജയഹേയിലെ അജുവിന്റെ ‘പാരലല്‍ കോളേജ് അധ്യാപകന്‍’ വേഷം ഏറെ ശ്രദ്ധ നേടുന്നുണ്ട്. ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Aju Varghese says he didn’t ask for a chance to Vineeth Sreenivasan

We use cookies to give you the best possible experience. Learn more