| Saturday, 31st August 2024, 9:53 pm

നിവിനെ അന്ന് ഞാന്‍ ക്രിട്ടിസൈസ് ചെയ്തു; ആര് പറഞ്ഞാലും സ്വയം തോന്നാതെ മാറില്ല: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മലര്‍വാടിയിലൂടെ തന്നെ സിനിമയിലെത്തിയ മറ്റൊരു നടനാണ് നിവിന്‍ പോളി.

അജു വര്‍ഗീസിന്റെ അടുത്ത സുഹൃത്ത് കൂടെയാണ് നിവിന്‍. ഇരുവരും ഒന്നിക്കുന്ന സിനിമകളൊക്കെ എന്നും വന്‍ ഹിറ്റായി മാറാറുണ്ട്. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു കോമ്പോ തന്നെയാണ് അജു വര്‍ഗീസ് – നിവിന്‍ പോളി കൂട്ടുകെട്ട്.

തുടക്കത്തില്‍ മികച്ച സിനിമകള്‍ നല്‍കിയ നിവിന് ഈയിടെയായി പരാജയങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിനൊപ്പം പല കോണുകളില്‍ നിന്നായി ബോഡി ഷെയിമിങ്ങുകളും നേരിട്ടിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ആ സമയത്ത് താന്‍ കുറച്ച് ബ്രൂട്ടല്‍ സപ്പോര്‍ട്ടിന്റെ ആളായിരുന്നു എന്നാണ് നടന്‍ പറയുന്നത്.

തിരുത്തലുകള്‍ എന്ന രീതിയില്‍ താന്‍ നിവിന്‍ പോളിയെ ക്രിട്ടിസൈസ് ചെയ്തു കൊണ്ടിരുന്ന ആളാണെന്നും അജു കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്. നിവിന്‍ തിരിച്ചുവരുമെന്നും അജു പറയുന്നുണ്ട്.

‘ഞാന്‍ കുറച്ച് ബ്രൂട്ടല്‍ സപ്പോര്‍ട്ടിന്റെ ആളായിരുന്നു. തിരുത്തലുകള്‍ എന്ന രീതിയില്‍ ഞാന്‍ അവനെ ക്രിട്ടിസൈസ് ചെയ്തു കൊണ്ടിരുന്ന ആളാണ്. പക്ഷെ ഒരാള്‍ക്ക് അയാളുടെ ഡിസിഷനില്‍ എപ്പോള്‍ മാറ്റം വേണമെന്ന് തീരുമാനിക്കുന്നത് അയാള്‍ തന്നെയാണ്. അതിന് അയാള് തന്നെ വിചാരിക്കണം. അത് ആര് പറഞ്ഞാലും സ്വയം തോന്നാതെ മാറില്ല.

ഇപ്പോള്‍ അദ്ദേഹം മാറ്റം വരുത്തി തുടങ്ങിയെന്ന് തോന്നുന്നു. ഞാന്‍ വളരെ ട്രാന്‍സ്പരന്റായി അവനോട് സംസാരിച്ചിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജുവിന്റെ അടുത്ത ഭാഗത്തിന് വേണ്ടി അവന്‍ ഒരുപാട് എഫേര്‍ട്ട് എടുക്കുന്നുവെന്ന് പറഞ്ഞുകേട്ടു. സിനിമകളൊന്നും നമ്മളുടെ കയ്യിലല്ല. പക്ഷെ അതൊന്നും നിവിനേ ബാധിക്കില്ല.

കാരണം അവന്‍ ഇവിടെ സിനിമയിലിട്ട ഫൗണ്ടേഷന്‍ ബേസ് വളരെ സ്‌ട്രോങാണ്. എല്ലാം ന്യൂ എയിറ്റ് സിനിമകളുമാണ്. ഇനിയുള്ള കാലഘട്ടത്തിലേക്ക് അപ്പീല്‍ ചെയ്യുന്ന സിനിമകളിലാണ് നിവിന്‍ ഭൂരിഭാഗവും ഭാഗമായത്. ജനപ്രീതി നേടിയ സിനിമകളുമാണ് അത്. ആ കോമ്പിനേഷന്‍ ഡെഡ്‌ലിയാണ്. അവന്റെ ബേസ് സ്‌ട്രോങ്ങാണ്. അതുകൊണ്ട് എന്ന് വേണമെങ്കിലും നിവിന്‍ തിരിച്ചുവരും,’ അജു വര്‍ഗീസ് പറഞ്ഞു.


Content Highlight: Aju Varghese Says He Criticize Nivin Pauly

We use cookies to give you the best possible experience. Learn more