|

ആ സിനിമയിലൂടെ ഞാന്‍ കൂടുതല്‍ പ്രശസ്തനായി, സാമ്പത്തികമായി ഉയര്‍ന്നത് ഈയിടെയാണ്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജു വര്‍ഗീസിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചു.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അജു വര്‍ഗീസിനെ ശ്രദ്ധേയനാക്കിയത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്താണ്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ സുഹൃത്തായ അബ്ദു എന്ന കഥാപാത്രമായാണ് അജു വേഷമിട്ടത്. ഇന്നും തട്ടത്തിന്‍ മറയത്തിലെ അജു വര്‍ഗീസിന്റെ മീമുകള്‍ ട്രോള്‍ പേജുകളിലെ സ്ഥിരം കാഴ്ചയാണ്.

ചിത്രത്തില്‍ അജു വര്‍ഗീസ് കിടന്നുറങ്ങുന്ന രംഗം ഇന്നും പലരെയും ചിരിപ്പിക്കുന്ന ഒന്നാണ്. ആ സീനിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അജു വര്‍ഗീസ്. ആ സീനില്‍ താന്‍ കിടക്കുന്നത് ടോപ് ആംഗിളിലാണ് എടുത്തതെന്നും ആ സീന്‍ സ്‌ക്രിപ്റ്റില്‍ എങ്ങനെയാണ് എഴുതിയിട്ടുള്ളതെന്ന് തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും അജു വര്‍ഗീസ് പറഞ്ഞു.

ഒളിമ്പിക്‌സില്‍ ദീപശിഖയും കൊണ്ട് ഓടുന്നതുപോല കിടക്കുന്ന അബ്ദു എന്നാണ് സ്‌ക്രിപ്റ്റില്‍ എഴുതിയതെന്നും തന്റെ കഥാപാത്രത്തിന്റെ റിംഗ്‌ടോണ്‍ വരെ സ്‌ക്രിപ്റ്റില്‍ കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നെന്നും അജു കൂട്ടിച്ചേര്‍ത്തു. ആ ചിത്രത്തിലൂടെ തനിക്ക് കൂടുതല്‍ പ്രശസ്തി കിട്ടിയെന്നും സാമ്പത്തികമായി താന്‍ ഉയര്‍ന്നത് ഈയടുത്താണെന്നും അജു വര്‍ഗീസ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘തട്ടത്തിന്‍ മറയത്തിനെപ്പറ്റി ഇന്നും പലരും എന്നോട് സംസാരിക്കാറുണ്ട്. ആ പടത്തില്‍ ഞാന്‍ കിടന്നുറങ്ങുന്ന സീനൊക്കെ ഇന്നും ട്രോള്‍ മെറ്റീരിയലാണ്. അതിനെപ്പറ്റി ആദ്യമേ എനിക്ക് അറിയാമായിരുന്നു. ആ സ്‌ക്രിപ്റ്റിന്റെ ലെഫ്റ്റ് സൈഡ് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. എങ്ങനെയാണ് ആ സീന്‍ എടുക്കേണ്ടതെന്ന് വിനീതിന് കൃത്യമായി അറിയാമായിരുന്നു. ടോപ്പ് ആംഗിളിലാണ് ആ സീന്‍ എടുത്തത്.

അതായത്, ‘ഒളിമ്പിക്‌സിന്റെ ദീപശിഖയുമായി ഒടുന്നതുപോലെ കിടക്കുന്ന അബ്ദു’ എന്നായിരുന്നു സ്‌ക്രിപ്റ്റില്‍ എഴുതിയിരുന്നത്. അതുപോലെ ആ ക്യാരക്ടറിന്റെ റിങ്‌ടോണ്‍ ഏതാണെന്നും സ്‌ക്രിപ്റ്റില്‍ കറക്ടായി നോട്ട് ചെയ്തിട്ടുണ്ട്. മ്യൂസിക് ഡ്രിവന്‍ ആണ് ആ പടം. എനിക്ക് കൂടുതല്‍ ഫെയിം തട്ടത്തിലൂടെ കിട്ടി. പക്ഷേ, സാമ്പത്തികമായി കുറച്ചൊക്കെ മെച്ചപ്പെട്ടത് ഈയിടക്കാണ്,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese saying Thattathin Marayathu movie gave him more fame