| Thursday, 29th February 2024, 4:58 pm

ഉര്‍വശി, ഇന്നസെന്റ്, ജഗതി ഇവരെയൊക്കെ വിറ്റ് ഹ്യൂമര്‍ ഉണ്ടാക്കിയ ആളാണ് ഞാന്‍: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നടനാണ് അജു വര്‍ഗീസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കോമഡി റോളുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അജു വര്‍ഗീസ് 2019ല്‍ റിലീസായ കമല എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഹെലന്‍ എന്ന സിനിമയിലൂടെ വില്ലന്‍ വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

ടി.വി. രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നമാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കോമഡിയില്‍ തനിക്ക് സ്വന്തമായി ഒരു ശൈലിയില്ലായിരുന്നുവെന്നും ജഗതി, ഇന്നസെന്റ്,  ഉര്‍വശി തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുടെ ശൈലി കോപ്പിയടിക്കുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. സ്ഥിരം കോമഡി ട്രാക്കില്‍ നിന്ന് സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയ ശേഷം മലയാളസിനിമയില്‍ പണ്ടുള്ളതുപോലുള്ള കോമഡിക്ക് ക്ഷാമം ഉണ്ടായതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഹ്യൂമറിലെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളുടെ ലിസ്റ്റില്‍ ഞാന്‍ ബിലോങ് ചെയ്യുന്നില്ല എന്നാണ് എന്റെ വിശ്വാസം. കാരണം, ജഗതി ചേട്ടന് ആക്‌സിഡന്റായി, സലിംകുമാറേട്ടന്‍ ഹ്യൂമറില്‍ നിന്ന് ഷിഫ്റ്റ് ചെയ്തു. അപ്പോള്‍ തൊട്ടാണ് മലയാളസിനിമയില്‍ ഹ്യൂമര്‍ കുറഞ്ഞുതുടങ്ങിയത്. പ്രേക്ഷകനെന്ന നിലയില്‍ മാത്രമല്ല, ഞാന്‍ സിനിമയില്‍ വന്നിട്ട് അപ്പോള്‍ രണ്ട് വര്‍ഷമായതേയുണ്ടായിരുന്നുള്ളൂ. ഈ ആര്‍ട്ടിസ്റ്റുകളുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്.

ഞാനൊക്കെ ഇവരെ വിറ്റ് ഹ്യൂമര്‍ ചെയ്തയാളാണ്. ഉര്‍വശി ചേച്ചി, ഇന്നസെന്റേട്ടന്‍, ജഗതി ചേട്ടന്‍ ഇങ്ങനയുള്ള ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് ഞാന്‍ കോപ്പിയടിക്കാറുണ്ട്. എനിക്ക് വേണ്ടി സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് എഴുതി വെച്ചതേ ഞാന്‍ ചെയ്യാറുള്ളൂ. കൈയില്‍ നിന്നൊന്നും ഇടാറില്ല. ഹരീഷേട്ടന്‍ കൈയില്‍ നിന്ന് ഇടാറുള്ളതാണ്. സുരാജേട്ടനും അതുപോലെയാണ്. അവര്‍ക്കൊക്കെ ബ്ലാങ്ക് പേപ്പറുകളാണ് കിട്ടിക്കൊണ്ടിരുന്നത്. എനിക്ക് ബ്ലാങ്ക് പേപ്പര്‍ കിട്ടിയാല്‍ ടാറ്റാ ബൈ ബൈ പറഞ്ഞ് ഞാന്‍ പോകും.

ഞാന്‍ ഷിഫ്റ്റ് ചെയ്തത് വേറൊന്നും കൊണ്ടല്ല, എനിക്ക് അതില്‍ കോണ്‍ഫിഡന്‍സ് ഇല്ലാത്തതുകൊണ്ടാണ്. ധ്യാനിനോട് ഇതിനപ്പറ്റി സംസാരിച്ചിട്ടുണ്ട്. സുരാജേട്ടന്‍ എനിക്ക് ആ കാര്യത്തില്‍ മെന്ററാണ്. ഓരോ അഞ്ച് കൊല്ലം കൂടുമ്പോഴും കരിയറില്‍ ചെയ്ഞ്ച് കൊണ്ടുവരണമെന്ന് പുള്ളി ഉപദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഫോളോ ചെയ്യുന്നത് അതാണ്,’ അജു പറഞ്ഞു.

Content Highlight: Aju Varghese saying that he copied the mannerisms of Jagathi and other artists

We use cookies to give you the best possible experience. Learn more