| Monday, 10th April 2017, 5:06 pm

'ആ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി; ഇത്ര ക്രൂരമായി ഒരു മനുഷ്യനെ ആക്രമിച്ചവരെ പിടികൂടിയേ തീരു'; അസീസിനെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി അജു വര്‍ഗ്ഗീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ അസീസിനു നേരെ ഉണ്ടായ ക്രൂരമായ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി അജു വര്‍ഗീസ്. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അസീസിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും അജു വര്‍ഗ്ഗീസ് പറയുന്നു. ഇത്ര ക്രൂരമായി ഒരു മനുഷ്യനെ ആക്രമിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അജു പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അജുവിന്റെ പ്രതികരണം. അസീസിന്റെ ആക്ഷന്‍ ഹീറോ ബിജുവിലെ ചിത്രവും അജു പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം വെള്ളറടയ്ക്ക് സമീപം ചാമവിളയിലെ ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആനാവൂര്‍ കരിക്കമാന്‍കോട് ചാമവിള ബിജുഭവനില്‍ വിപിന്‍, സുരേഷ് എന്ന് വിളിക്കുന്ന ബിനു എന്നിവരാണ് അറസ്റ്റിലായത്.

അസീസിന്റെ നേതൃത്വത്തിലുള്ള “ടീം ഓഫ് ട്രിവാന്‍ഡ്രം” എന്ന ട്രൂപ്പിന്റെ പരിപാടി ശനിയാഴ്ച രാത്രി 9 മണിയ്ക്ക് അവതരിപ്പിക്കാനായിരുന്നു ധാരണ. എന്നാല്‍ രാത്രി 11.30നാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. വിദേശത്ത് രണ്ടുദിവസത്തെ പരിപാടിയില്‍ പങ്കെടുത്തശേഷം തിരിച്ചുവരികയായിരുന്നു ഇവര്‍. വിമാനം വൈകിയതാണ് സമയം പാലിക്കാന്‍ പറ്റാതിരുന്നതിന് കാരണമെന്ന് ഇവര്‍ സംഘാടകരോട് പറഞ്ഞു. തുടര്‍ന്നായിരുന്നു അസഭ്യം പറഞ്ഞുകൊണ്ടുള്ള മര്‍ദ്ദനം.


Also Read: പടച്ചോനേ!!..;വാര്‍ത്ത വായനയ്ക്കിടെ ദിവാസ്വപ്‌നം കണ്ടിരുന്ന അവതാരക; അമളി പറ്റിയെന്നു മനസ്സിലായതോടെ മുഖത്ത് വിരിഞ്ഞ ഭാവം കണ്ട് ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ, വീഡിയോ


പത്ത് പേരടങ്ങുന്ന സംഘമാണ് കലാകാരന്മാരെ അക്രമിച്ചത്. മര്‍ദ്ദനത്തില്‍ താന്‍ ബോധരഹിതനായി വീണെന്നും കര്‍ണപടം തകര്‍ന്നുവെന്നും അസീസിന്റെ പരാതിയില്‍ പറയുന്നുണ്ട്. മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിച്ച ട്രൂപ്പ് അംഗങ്ങളെ ഭീഷണിപ്പെടുത്തി പ്രോഗ്രാം അവതരിപ്പിച്ചുവെന്നും പറഞ്ഞുറപ്പിച്ച തുകയായ 46,000 രൂപ നല്‍കിയില്ലെന്നും ട്രൂപ്പിന്റെ പരാതിയിലുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അസീസ് ഇപ്പോള്‍. എബ്രിഡ് ഷൈനിന്റെ നിവിന്‍ പോളി ചിത്രം “ആക്ഷന്‍ ഹീറോ ബിജു”, വിനീത് ശ്രീനിവാസന്‍ നായകനായ ശ്രീകാന്ത് മുരളി ചിത്രം “എബി” എന്നിവയില്‍ ശ്രദ്ധേയവേഷത്തില്‍ എത്തിയിട്ടുള്ള അസീസ് സീരിയല്‍ രംഗത്തും മിമിക്രി മേഖലയിലും പ്രശസ്തനാണ്.

We use cookies to give you the best possible experience. Learn more