| Friday, 28th July 2023, 5:57 pm

ദിലീപേട്ടൻ വിഷയത്തിൽ ഇരയുടെ പേര് പറഞ്ഞെന്ന പേരിൽ എനിക്കെതിരെ കേസ് വന്നിട്ടുണ്ട്: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യൽ മീഡിയ വഴി തനിക്ക് ധാരാളം അബദ്ധം വന്നിട്ടുണ്ടെന്ന് നടൻ അജു വർഗീസ്. നടൻ ദിലീപിന്റെ കേസിലെ അതിജീവിതയുടെ പേര് പുറത്ത് പറഞ്ഞു എന്ന പേരിലാണ് തനിക്ക് കേസ് വന്നതെന്നും സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം വിശ്വസിക്കുന്നതുകൊണ്ട് തന്നെ കളിയാക്കി അമ്മാവൻ എന്നാണ് വിളിക്കുന്നതെന്നും അജു പറഞ്ഞു. സിനിമ ഡാഡി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിൽ നടി ലെനയും പങ്കെടുത്തു.

‘സോഷ്യൽ മീഡിയയിൽ നിന്നും അബദ്ധം പറ്റിയ ഒത്തിരി ചരിത്രമുണ്ടെനിക്ക്. കാരണം ഞാൻ അതിൽ കാണുന്നതൊക്കെ പെട്ടെന്ന് വിശ്വസിക്കും. പക്ഷെ ഇനി ഒരിക്കലും ഒന്നും വിശ്വസിക്കില്ല. ദിലീപേട്ടന്റെ വിഷയത്തിൽ ഇരയുടെ പേര് പറഞ്ഞു എന്ന പേരിൽ കേസ് വന്നിട്ടുണ്ട്. എനിക്കറിയില്ലായിരുന്നു അങ്ങനെ പറയാൻ പാടില്ലെന്ന്. പിന്നെ ഈ അടുത്തും അങ്ങനെ ഒരു വിഷയം വന്നു. എല്ലാം വളരെ സെൻസിറ്റിവ് ആയ കാര്യങ്ങൾ ആണ്.

സോഷ്യൽ മീഡിയയയിൽ എനിക്ക് ഇട്ടിരിക്കുന്ന പേര് അമ്മാവൻ എന്നാണ്. കാരണം പറയുന്നതൊക്കെ ഞാൻ വിശ്വസിക്കും. പക്ഷെ എനിക്കതിൽ വല്യ പരാതി ഒന്നും ഇല്ല. ഞാൻ ഇപ്പോൾ അതൊക്കെ ആയിട്ട് പൊരുത്തപ്പെട്ടു. നമ്മൾ സ്വന്തം കാര്യം നോക്കി മിണ്ടാതിരിക്കുക (ചിരിക്കുന്നു),’ അജു വർഗീസ് പറഞ്ഞു.

അഭിമുഖത്തിൽ ലെനയും സമൂഹ മാധ്യമങ്ങളെപ്പറ്റി സംസാരിച്ചു. സമൂഹ മാധ്യമങ്ങൾ വളരെ ഉപകാരപ്രദമായ ഒരു പ്ലാറ്റ്‌ഫോം ആണെന്നും സിനിമകളെപ്പറ്റിയൊക്കെ മണിക്കൂറുകളോളം ചർച്ച ചെയ്യാൻ സോഷ്യൽ മീഡിയയിലൂടെ സാധിക്കുന്നുണ്ടെന്നും ലെന പറഞ്ഞു.

‘സോഷ്യൽ മീഡിയയെ ഞാൻ വളരെ രസകരമായ ടൂൾ ആയിട്ടാണ് കാണുന്നത്. വളരെ പ്രയോജനമുള്ള ടൂൾ ആണ്. കാരണം നമ്മുടെ ചർച്ചകൾ ഒക്കെ ആളുകൾ കാണുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്‌. സിനിമയെ കുറിച്ചൊക്കെ ഇത്രയും മണിക്കൂറുകളോളം സംസാരിക്കാൻ സോഷ്യൽ മീഡിയയിലൂടെ മാത്രമേ സാധിക്കൂ. ഇതൊക്കെ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കണം,’ ലെന പറഞ്ഞു.

Content Highlights: Aju Varghese on social media and Dileep issue

We use cookies to give you the best possible experience. Learn more