ഇരട്ട തിയേറ്ററിൽ വിജയിക്കാതെ പോയതിൽ വളരെ സങ്കടമുണ്ടെന്ന് നടൻ അജു വർഗീസ്. ഒ.ടി.ടി.യിൽ ചിത്രം റിലീസ് ആയപ്പോൾ മികച്ച പ്രതികരണങ്ങൾ ആയിരുന്നെന്നും ചിത്രത്തിന്റെ സംവിധായകന്റെ അടുത്ത സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് ഷാരൂഖ് ഖാൻ ആണെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചില സിനിമകൾ ചാനലിൽ വരുമ്പോൾ നമ്മൾ വിചാരിക്കും ഇതെന്തുകൊണ്ട് ഫ്ലോപ്പ് ആയെന്ന്? അത് ഫോർമാറ്റിന്റെ വ്യത്യാസമാണ്. പ്രേക്ഷക സമൂഹത്തിന്റെ ഒപ്പം, ഇരുട്ടത്ത് നമ്മുടെ എൻഗേജ്മെന്റുകൾ ഒക്കെ മാറ്റിവെച്ച് ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് തിയേറ്ററിൽ ഇരുന്ന് സിനിമ കാണുന്നത്. അവിടെ എൻഗേജ്മെന്റ് അൽപം കുറഞ്ഞാൽ മുഷിപ്പ് അനുഭവപ്പെടും. അപ്പോൾ നമുക്ക് ലാഗ് ഫീൽ ചെയ്യും.
വീട്ടിൽ ഇരുന്നോ യാത്രചെയ്യുമ്പോഴോ മൊബൈലിൽ സിനിമ കാണുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകം ലൈവ് ആണ്. തിയേറ്ററിൽ അങ്ങനെയല്ല, പടം കാണാൻവേണ്ടി മാത്രം പണവും സമയവും മുടക്കുകയാണ്. അപ്പോൾ മുടക്കുന്ന സമയവുമായി ആ സിനിമക്ക് മാച്ച് വന്നില്ലെങ്കിൽ പടം കാണുന്നവന് മുഷിപ്പ് തോന്നും.
ഒ.ടി.ടി അല്ലെങ്കിൽ വീട്ടിൽ ടി.വിയിൽ കാണുന്നത് അങ്ങനെയല്ല, ഞാൻ ചിലപ്പോൾ ഭക്ഷണം കഴിച്ചോണ്ടിരിക്കുകയായിരിക്കും. തിയേറ്ററിൽ പോപ്കോൺ ഒക്കെ കിട്ടും. എങ്കിലും ഇടക്ക് ഒരു ഫോൺ വന്നാൽ ഇത് പോസ് ചെയ്യാൻ പറ്റും. ഇതാണ് ഒ.ടി.ടി യും തിയേറ്ററും തമ്മിൽ ഞാൻ കണ്ടെത്തിയ വ്യത്യാസം. ഒ.ടി.ടിയിൽ ലാഗ് ഒക്കെ അങ്ങനെയങ് പോകും,’ അജു വർഗീസ് പറഞ്ഞു.
തിയേറ്ററിൽ ഇറങ്ങിയപ്പോൾ വിജയിക്കാത്തതും ഒ.ടി.ടിയിൽ റിലീസ് ആയപ്പോൾ പ്രേക്ഷകർ സ്വീകരിച്ചതുമായ ചിത്രങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഇരട്ട എന്ന ചിത്രം തിയേറ്ററിൽ ജയിക്കാതെ പോയതിൽ തനിക്ക് സങ്കടമുണ്ടെന്നും അത് വളരെ ബ്രില്യന്റ് വർക്ക് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘തിയേറ്ററിൽ റിലീസ് ആയപ്പോൾ സ്വീകരിക്കാതെ പോയിട്ട് ഒ.ടി.ടിയിൽ മികച്ച സ്വീകാര്യത നേടിയ പടങ്ങളും ഉണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇരട്ട. അത് വിജയിക്കാതെ പോയതിൽ എനിക്ക് നല്ല സങ്കടമുണ്ട്. എത്ര എക്സ്ട്രീം ബ്രില്യന്റ് വർക്കാണത്. ആ പടത്തിന്റെ സംവിധായകൻ അടുത്തതായി ചെയ്യാൻ പോകുന്ന വർക്ക് സംവിധാനം ചെയ്യുന്നത് ഷാരൂഖ് ഖാൻ ആണ്. അതെന്തുകൊണ്ടാണ്, ആ സിനിമ ഒ.ടി.ടിയിൽ വന്നത് അവരൊക്കെ കണ്ടതുകൊണ്ടാണ്. എല്ലാം നമുക്ക് വേണം. മലയാള സിനിമ വളരണം, ഇന്ത്യൻ സിനിമയായി എല്ലാം ഒന്നിക്കുക എന്നതാണ് ലക്ഷ്യം,’ അജു വർഗീസ് പറഞ്ഞു.
Content Highlights: Aju Varghese on Iratta movie director’s next project and OTT release